സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ കൊല്ലം കല്ലുംതാഴം മേഖലയിലെ ദേശീയപാത വികസന ജോലികൾ പൂർത്തിയായില്ല. നിലവിലെ റോഡ് നിയന്ത്രണങ്ങളും നിർമാണത്തിലെ അനാസ്ഥയും കാരണം സ്കൂൾ തുറക്കുന്നതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. നിലവിൽ തന്നെ തിരക്കേറിയ സമയങ്ങളിൽ ഈ മേഖലയിൽ വലിയ ട്രാഫിക് ബ്ലോക്കാണ് അനുഭവപ്പെടുന്നത്.

ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി റെയിൽവേ പാതയ്ക്ക് കുറുകെ മേൽപ്പാലത്തിനുള്ള ഗർഡറുകൾ സ്ഥാപിക്കുന്നതിനാണ് ഈ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായി നിർത്തിവെച്ച് വാഹനങ്ങൾ വഴിതിരിച്ചുവിട്ടതോടെ നഗരത്തിലും സമാന്തര റോഡുകളിലും വലിയ കുരുക്കാണ് രൂപപ്പെടുന്നത്. സ്കൂൾ ബസുകളും മറ്റ് വാഹനങ്ങളും കൂടി നിരത്തിലിറങ്ങുന്നതോടെ ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് വിലയിരുത്തൽ.

ഒരു മാസം കൊണ്ട് നിർമാണം പൂർത്തിയാക്കി ഗതാഗതം പൂർവസ്ഥിതിയിലാക്കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം. എന്നാൽ വർഷമൊന്ന് കഴിഞ്ഞാലും നിർമാണം തീരില്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. തിരുവനന്തപുരത്തുനിന്നും എറണാകുളത്തുനിന്നുമൊക്കെ വരുന്ന ദീർഘദൂര വാഹനങ്ങൾ ഉൾപ്പെടെ ഇപ്പോൾ കിലോമീറ്ററുകളോളം വഴിതിരിഞ്ഞാണ് ഹൈവേയിൽ പ്രവേശിക്കുന്നത്. നിർമാണം കൃത്യസമയത്ത് പൂർത്തിയാക്കാത്ത കരാർ കമ്പനിയുടെ വീഴ്ചയും ജോലികൾ നിരീക്ഷിക്കാത്ത ഉദ്യോഗസ്ഥരുടെ അനാസ്ഥയുമാണ് ഇപ്പോഴത്തെ ഈ ദുരിതത്തിന് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു.

ENGLISH SUMMARY:

Kollam highway development projects, specifically in the Kallumthazham area, are causing significant traffic congestion as school reopening approaches. The ongoing National Highway 66 expansion, including girder installations for an overpass, has led to traffic diversions and severe blockages, raising concerns about the impact on school transport and daily commutes.