തിരഞ്ഞടുപ്പിന് മുൻപ് ധൃതിപിടിച്ച് നിർമ്മാണം നടത്തിയതിനാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടങ്ങൾക്ക് നിലവാരമില്ലെന്ന് കിറ്റ്കോ എൻജിനീയർ. എച്ച്.എം.സി യോഗത്തിൽ ആണ് തുറന്നുപറച്ചിൽ. എല്ലാ നിർമ്മാണപ്രവൃത്തികളും പരിശോധിക്കാനും കണക്കുകൾ ഓഡിറ്റ് ചെയ്യാനും ആറന്മുള എംഎൽഎ അബിൻ വർക്കി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ആരോഗ്യമന്ത്രി ആയിരുന്ന വീണാ ജോർജിന്‍റെ നേതൃത്വത്തിലാണ് തിടുക്കപ്പെട്ട് ഉദ്ഘാടനം നടത്തിയത്.
കഴിഞ്ഞ മാർച്ച് 11 നാണ് മുൻ ആരോഗ്യമന്ത്രി വീണ ജോർജ്ജ് ജനറൽ ആശുപത്രിയിലെ പുതിയ കെട്ടിടങ്ങൾ ഉദ്ഘാടനം ചെയ്തത്. നിർമ്മാണം പൂർത്തിയാകും മുൻപുള്ള ഉദ്ഘാടനം അന്നേ വിവാദമായിരുന്നു. ഈ കെട്ടിടങ്ങളുടെ ഗുണനിലവാരത്തെകുറിച്ചാണ് നിർമ്മാണ ഏജൻസിയുടെ ഉദ്യോഗസ്ഥന്‍റെ തുറന്നുപറച്ചിൽ. സമ്മർദ്ദം കാരണം കൃത്യമായി പണി നടന്നില്ല. ഗുണനിലവാരം പരിശോധിച്ചല്ലായിരുന്നു പണി. ഭിത്തികളിലെ പ്ലാസ്റ്ററിങ് സെറ്റ് ആവും മുൻപ് തന്നെ വൈറ്റ് സിമൻറ് പൂശി. പ്രത്യക്ഷത്തിൽ തന്നെ നിർമ്മാണത്തിലെ വീഴ്ചകൾ കാണാൻ കഴിയും വിധമാണ് കെട്ടിടങ്ങൾ. ഇന്നലെത്തെ ആശുപത്രി മാനേജ്മെന്‍റ് യോഗത്തിൽ കിറ്റ്കോ എൻജിനീയർ ഇക്കാര്യം തുറന്നു പറഞ്ഞു. ഉദ്യോഗസ്ഥന്‍റെ തുറന്നുപറച്ചിലിനു പിന്നാലെ ആശുപത്രി നിർമ്മാണത്തിന്‍റെ മുഴുവൻ ഫയലുകളും പരിശോധിക്കാനാണ് ആറന്‍മുള എംഎൽഎ അബിൻ വർക്കി തീരുമാനിച്ചു. കണക്കുകളെല്ലാം ഹാജരാക്കാൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റും നിർദേശം നൽകി.