പത്തനംതിട്ട പറക്കോട്ട്   റോഡരികിലെ വീടിന് മുകളിലേക്ക് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞ് ഉറങ്ങിക്കിടന്ന സ്ത്രീ മരിച്ചു. പറക്കോട് പീടികയിൽ മറിയം ബീവി ആണ് മരിച്ചത്. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന മറിയം ബീവിയെ ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. 

 കെ പി റോഡിൽ സ്കൂൾ ജംക്ഷന് സമീപം പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. മെറ്റലുമായി എത്തിയ ടിപ്പര്‍ ലോറി നിയന്ത്രണം വിട്ട്  റോഡരികിലെ ഇലക്ട്രിക് പോസ്റ്റും തകർത്ത് വീടിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ വീടിന്‍റെ ഭിത്തി തകർന്നു വീണു. ഈ സമയം മുറിക്കുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന മറിയം ബീവി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അടൂർ ഫയർഫോഴ്സ് സംഘം ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരെ പുറത്തെടുത്തത്. 

ഉടൻ തന്നെ അടൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിനോട് ചേർന്നുള്ള ഒരു മുറിയിൽ ചെറിയ കട നടത്തിവരികയായിരുന്നു 60 വയസ്സുള്ള മറിയം ബീവി. അമിത വേഗത്തിൽ ആയിരുന്നു ലോറി . ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു. സ്ഥിരം അപകട മേഖലയാണ് സ്കൂൾ ജംക്ഷന്‍.

ENGLISH SUMMARY:

A woman was killed when a lorry lost control and overturned onto her house in Pathanamthitta's Parakkode. Firefighters worked for a long time to recover her body from the debris, and she was pronounced dead at the hospital