കോഴിക്കോട് മുക്കത്ത് ഓട്ടോറിക്ഷയില്‍ നിന്നു തെറിച്ചു വീണ രണ്ടാം ക്ലാസുകാരന്‍ ലോറി കയറി മരിച്ചു. മുക്കം മണാശേരി സര്‍ക്കാര്‍ യു.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ സ്വദേശി അമന്‍ മരിച്ചത്. വൈകിട്ട് ക്ലാസ് കഴിഞ്ഞു സഹപാഠികള്‍ക്കൊപ്പം വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഇന്നലെ വൈകിട്ട് നാലരയോടു കൂടി മണാശേരി പുൽപറമ്പിലാണ് അപകടമുണ്ടായത്. അപകടത്തിലേക്ക് നയിച്ച കാരണം എന്താണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിതമായി ഓട്ടോറിക്ഷയുടെ വാതില്‍ തുറന്നതോടെ കുട്ടി നടുറോഡിലേക്കു തെറിച്ചുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഈ സമയം എതിര്‍ദിശയിലൂടെ വരികയായിരുന്ന ലോറി കുട്ടിയുടെ ദേഹത്തുകൂടി കയറി ഇറങ്ങുകയായിരുന്നു. അപകടസ്ഥലത്തുവച്ചു തന്നെ കുട്ടി മരിച്ചു.
അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ലോറി ഓടിച്ചിരുന്ന മുക്കം സ്വദേശി പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം കുടുംബാംഗങ്ങൾക്ക് വിട്ടു നൽകും.