പത്തനംതിട്ട മലയോര മേഖലകളില്‍ വന്യമൃഗ ശല്യവും; സാമ്പത്തികമായും തളർന്ന് കര്‍ഷകർ

ഉരുള്‍പൊട്ടലുണ്ടായ പത്തനംതിട്ട ജില്ലയിലെ മലയോര മേഖലകളില്‍ വന്യമൃഗ ശല്യവും. പ്രകൃതി ദുരന്തത്തിന് പിന്നാലെ തുടര്‍ച്ചയായി ഉണ്ടാകുന്ന മൃഗ ശല്യം കര്‍ഷകരെ സാമ്പത്തികമായും മാനസികമായും തളര്‍ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്നു തവണയാണ് കോട്ടമണ്‍പാറയില്‍ ഉരുള്‍പ്പൊട്ടിയത്. ലക്ഷ്മി ഭവനില്‍ സഞ്ജയന്റെ കാറ് ഒലിച്ചു പോയിരുന്നു. വ്യാപകമായി കൃഷിയും നശിച്ചു. ഇതിന്റെ ആഘാതം മാറുന്നതിന് മുന്‍പാണ് വന്യമൃഗങ്ങളുടെ ശല്യം. കഴിഞ്ഞ രാത്രിയില്‍ കാട്ടാന എത്തി കണ്ണില്‍ കണ്ടതെല്ലാം പിഴുതെറിഞ്ഞു. ആന മാത്രമല്ല, മലയോര മേഖലയില്‍ മിക്കയിടത്തും കാട്ടുപന്നിയുടെ ശല്യമുണ്ട്. ചിലയിടങ്ങളില്‍ പുലിയുടെയും.