ശക്തമായ കാറ്റില്‍ മാളയില്‍ വാഴ കര്‍ഷകര്‍ക്ക് വന്‍നഷ്ടം

ശക്തമായ കാറ്റില്‍ മാളയില്‍ വാഴ കര്‍ഷകര്‍ക്ക് വന്‍നഷ്ടം. പതിനായിരക്കണക്കിനു വാഴകള്‍ ഒടിഞ്ഞു വീണു. ഇന്‍ഷൂറന്‍സിന്റെ നൂലാമാലകളില്‍ നഷ്ടപരിഹാരവും പ്രതിസന്ധിയിലാണ്. 

കഴിഞ്ഞ ദിവസം വൈകിട്ട് മാള മേഖലയില്‍ ശക്തമായ കാറ്റ് വീശിയിരുന്നു. അന്നമനട, കുഴൂര്‍, മാള, കാടുകുറ്റി പഞ്ചായത്തുകളിലെ പതിനായിരകണക്കിന് വാഴകളാണ് ഒടിഞ്ഞ് വീണത്. വിഷു വിപണി ലക്ഷ്യമിട്ട് തുടങ്ങി വാഴകൃഷിയാണ് തകര്‍ന്നത്. അടുത്ത മാസം വിളവെടുക്കാന്‍ പാകത്തിലുള്ള വാഴകളും നശിച്ചു. വായ്പയെടുത്തും കടംവാങ്ങിയും ആരംഭിച്ച വാഴക്കൃഷിയാണ് കാറ്റെടുത്തത്. കര്‍ഷകരാകട്ടെ വന്‍സാമ്പത്തിക ബാധ്യതയിലായി. 

വിളനാശത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷയുണ്ട്. പക്ഷേ, വിളനാശം തൊണ്ണൂറു ശതമാനം വേണം. കൃഷിഭവന്‍ മുഖേന കിട്ടേണ്ട ഇന്‍ഷൂറന്‍സാണിത്. ഈ നിബന്ധനപ്രകാരം നഷ്ടപരിഹാരം കിട്ടുക എളുപ്പമല്ലതാനും.