ഏറ്റുമാനൂരപ്പന്‍റെ ശ്രീബലിക്ക് ഇനി നന്ദികേശന്‍റെ അകമ്പടി

ഏറ്റുമാനൂരപ്പന്റെ പ്രദോഷശ്രീബലിക്ക് ഇനി മുതല്‍ നന്ദികേശന്റെ അകമ്പടി. ഏറ്റുമാനൂര്‍ നട്ടാശേരി സൂര്യകാലടി മനയിലെ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടാണ് സൂര്യന്‍ എന്ന് പേരുള്ള നന്ദിയെ വഴിപാടായി ഏറ്റുമാനൂരപ്പന് സമര്‍പ്പിച്ചത്. ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍.രാമന്‍ നന്ദിയെ ഏറ്റുവാങ്ങി.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ പ്രദോഷനാളില്‍ ശ്രീബലി എഴുന്നള്ളത്തിന് അകമ്പടിയായി നന്ദിയെ എഴുന്നള്ളിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയ്ക്കായാണ് ഇപ്പോള്‍ വഴിയൊരുങ്ങിയിരിക്കുന്നത്. സൂര്യകാലടി മനയിലെ സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാട് വഴിപാടായി നന്ദിയെ ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ നടയ്ക്കിരുത്തുകയായിരുന്നു. ശിവപുരാണത്തില്‍ പരാമര്‍ശിക്കുന്ന രീതിയിലുള്ള ആകാരവടിവും ഭംഗിയും ഒത്തിണങ്ങിയ നന്ദിയെ കര്‍ണാടകയിലെ ബല്‍ഗാമില്‍നിന്നാണ് കൊണ്ടുവന്നത്. സൂര്യകാലടി മനയുടെ ചരിത്രവും ഐതിഹ്യവുമായി ബന്ധപ്പെടുത്തി സൂര്യന്‍ എന്നാണ് നന്ദിക്ക് പേരിട്ടിരിക്കുന്നത്. ക്ഷേത്ര കൊടിമരച്ചുവട്ടില്‍ ക്ഷേത്രമേല്‍ശാന്തി കേശവന്‍ സത്യേഷിന്റെ മുഖ്യകാര്‍മികത്വത്തില്‍ കലശാഭിഷേകം നടത്തിയശേഷം നന്ദിയെ ആചാരപൂര്‍വം ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ പക്കല്‍നിന്ന് ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍.രാമന്‍ നന്ദിയെ ഏറ്റുവാങ്ങി.

നന്ദിയെ നടയ്ക്കിരുത്താന്‍ സൂര്യകാലടി മനയില്‍ നിന്നും ആഗ്രഹം ക്ഷേത്രോപദേശക സമിതിയെ അറിയിച്ചിരു്ന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി കമ്മിഷണര്‍ എ.എസ്.പി. കുറുപ്പ് ദേവസ്വം ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് പി.ആര്‍.രാമന് റിപ്പോര്‍ട്ട് നല്‍കുകയും ഹൈക്കോടതിയില്‍നിന്ന് പ്രത്യേക ഉത്തരവ് വാങ്ങുകയും ചെയ്താണ് നന്ദിയെ വഴിപാടായി സമര്‍പ്പിച്ചത്. നന്ദിക്കായി ഉപദേശകസമിതിയുടെ ആവശ്യപ്രകാരം ദേവസ്വം ബോര്‍ഡ് നാല് ലക്ഷം രൂപ ചെലവഴിച്ച് ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ കൂടും നിര്‍മിച്ചു.