മഴ കനത്തു; മുറ്റത്തിറങ്ങാനാവാതെ പെരുമാതുറയിലെ തീരദേശവാസികൾ

മഴ കനത്തതോടെ വീടിന്റെ മുറ്റത്ത് പോലും ഇറങ്ങാനാവാതെ ബുദ്ധിമുട്ടുകയാണ് തിരുവനന്തപുരം പെരുമാതുറയിലെ തീരദേശവാസികള്‍. വെള്ളക്കെട്ടാണ് ഇവരുടെ ജീവിതത്തിന് തടസമാവുന്നത്. സമീപത്തെ തണ്ണീര്‍ത്തടം സ്വകാര്യ വ്യക്തി മണ്ണിട്ട് നികത്തിയതോടെയാണ് വീട്ടുമുറ്റത്ത് വെള്ളം നിറഞ്ഞത്.

പെരുമഴയാണങ്കിലും കുടിവെള്ളമില്ലങ്കില്‍ ജീവിക്കാനാവില്ലല്ലോ. അതുകൊണ്ടാണ് മുട്ടോളമെത്തുന്ന വെള്ളം നീന്തി സഹനൂദ ബീബി കലവുമായി ഇറങ്ങിയത്. കുടിവെള്ള പൈപ്പിനോളം ഉയരത്തില്‍ ചീഞ്ഞ് നാറുന്ന വെള്ളം കെട്ടിക്കിടക്കുകയാണ്. 

കുട്ടികളുടെ അവസ്ഥ നോക്കു. വീട്ടുമുറ്റത്ത് തന്നെ അപകടം പതിയിരിക്കുന്നു. പായല്‍ നിറഞ്ഞ്, കുളം പോലെയായി മുറ്റം. ചിറയിന്‍കീഴിനടത്ത് ആഴൂര്‍ പഞ്ചായത്തിലെ പെരുമാതുറ പ്രദേശത്തെ പ‍ത്ത് വീട്ടുകാര്‍ക്കാണ് ഈ ദുര്‍ഗതി. 

മഴ കനത്തതുകൊണ്ട് മാത്രമുണ്ടായ വെള്ളക്കെട്ടല്ല ഇത്. സമീത്തുണ്ടായിരുന്ന തണ്ണീര്‍ത്തടം മണ്ണിട്ട് നികത്തിയതോടെയാണ് വെള്ളം വീട്ടുമറ്റത്തേക്ക് എത്തിയത്. ഈ മഴയത്ത് അത് നാട്ടുകാര്‍ക്ക് നരകജീവിതം സമ്മാനിച്ചു.