പൈപ്പ് പൊട്ടി; കഴക്കൂട്ടം മേൽപ്പാല നിർമാണം വീണ്ടും പ്രതിസന്ധിയിൽ

കഴക്കൂട്ടം മേൽപ്പാല നിർമാണം വീണ്ടും പ്രതിസന്ധിയിൽ. നിർമാണത്തിനിടെ പൈപ്പ് പൊട്ടിയതിന് കരാർ കമ്പനിക്കെതിരെ ജല അതോറിറ്റി പൊലീസിന് പരാതി നൽകി. ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പൈപ്പ് ലൈനിൻ്റെ രൂപരേഖ ജല അതോറിറ്റി നൽകാത്തതാണ് പ്രശ്നത്തിനു കാരണം എന്നാണ് ആർ.ഡി.എസ് ഗ്രൂപ്പിൻ്റെ നിലപാട്.

മൂന്നു ദിവസം മുമ്പാണ് പൈലിങിനിടെ കഴക്കൂട്ടം ജംഗ്ഷന് സമീപം പൈപ്പ് പൊട്ടിയത്. ഇതോടെ പള്ളിപ്പുറം സി.ആർ.പി.എഫ്, വെട്ടു റോഡ്, CSI മിഷൻ ഹോസ്പിറ്റൽ, കഴക്കൂട്ടം ജംഗ്ഷൻ, ആറ്റിൻകുഴി, ടെക്നോപാർക്ക്, അമ്പലത്തിൻകര പ്രദേശങ്ങളിലേക്ക് കുടിവെള്ള വിതരണം തടസപ്പെട്ടു. മൂന്നിലേറെ ഇടങ്ങളിൽ 'പൈപ്പ് നശിപ്പിച്ചതിനാൽ ആയിരക്കണക്കിന് ആളുകൾക്ക് കുടിവെള്ളം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് ജല അതോറിറ്റി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊതുമുതൽ നശിപ്പിച്ചതിനും ജനോപദ്രവകരമായ രീതിയിൽ നിർമാണ പ്രവർത്തനം നടത്തിയതിനും കരാർ കമ്പനിയായ ആർ.ഡി.എസ് ഗ്രൂപ്പിന് എതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണം എന്നാണ് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ നൽകിയിരിക്കുന്ന പരാതി.  

മുമ്പും പല തവണ മേൽപ്പാല നിർമാണത്തിനിടെ ഇവിടെ പൈപ്പ് ലൈൻ പൊട്ടിയിട്ടുണ്ട്. അന്ന് ജല അതോറിറ്റിയുടെ കരാറുകാർ എത്തി പൈപ്പ് ലൈൻ പോകുന്ന സ്ഥലങ്ങൾ ആർ.ഡി.എസ് കമ്പനി അധികൃതർക്ക് പറഞ്ഞു കൊടുത്തിരുന്നു.  എന്നിട്ടും പൈപ്പ് പൊട്ടിച്ചതോടെയാണ് ജല അതോറിറ്റി നിയമ നടപടിയിലേക്ക് നീങ്ങിയത്. എന്നാൽ ഭൂമിക്കടിയിലൂടെ പോകുന്ന പൈപ്പ് ലൈനിൻ്റെ സ്കെച്ച് കൈമാറണമെന്ന് പല തവണ ആവശ്യപ്പെട്ടിട്ടും ജല അതോറിറ്റി ഒഴിഞ്ഞുമാറിയെന്നാണ് ആർ.ഡി.എസ് ഗ്രൂപ്പ് പറയുന്നത്. പൈപ്പ് ലൈൻ  സ്കെച്ച് ജല അതോറിറ്റിയുടെ കൈവശം ഇല്ലാത്തതാണ് ഇതിന് കാരണമെന്നും കമ്പനി ആരോപിക്കുന്നു. ഇന്ന് വീണ്ടും ജല അതോറിറ്റിയുടെ കരാറുകാരെ എത്തിച്ച് നിർമാണപ്രദേശത്തുള്ള പൈപ്പ് ലൈൻ തകരാർ പരിഹരിച്ച് മാറ്റിയിടാൻ ശ്രമം നടത്തും. അതിനു ശേഷമേ മേൽപ്പാല നിർമാണം പുനരാരംഭിക്കാനാകു.