പുഴയുടെ തീരം ഇടിഞ്ഞുതാഴ്ന്നു; സംരക്ഷണഭിത്തി വേണമെന്ന് നാട്ടുകാര്‍; ആശങ്ക

കോട്ടയം വടയാറിൽ ഇരുപതിലേറെ കുടുംബങ്ങളെ ആശങ്കയിലാക്കി പുഴയുടെ തീരം ഇടിഞ്ഞ്താഴുന്നു. വഴിയടക്കം പുഴയെടുത്തതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാത്ത സ്ഥിതിയാണ്. തീരം കല്ലുകെട്ടി സംരക്ഷിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പഞ്ചായത്തും ഇറിഗേഷന്‍ വകുപ്പും പരിഗണിച്ചില്ല.

ഉദയനാപുരം പടിഞ്ഞാറെക്കരയിലെ മനക്കൽ കുറുന്തറ റോഡിന്റെ 50 മീറ്ററോളം ഭാഗമാണ് പുഴയിലേക്ക ഇടിഞ്ഞിറങ്ങിയത്. കുട്ടികളടക്കം നടന്നു പോകുന്ന വഴിയിൽ സംഭവ സമയത്ത് ആരും ഇല്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. അഞ്ച് മീറ്റർ വീതിയിൽ റോഡും പുഴയെടുത്തു. ഏത് നിമിഷവും റോഡിന്‍റെ കൂടുതല്‍ ഭാഗങ്ങള്‍ ഇടിഞ്ഞിറങ്ങും. ഒരു പതിറ്റാണ്ടു മുൻമ്പാണ് പുഴയോരത്തെ ബണ്ട് വഴിയാക്കി മാറ്റിയത്. പുഴ വളഞ്ഞൊഴുകുന്ന ഇവിടെ അപകട ഭീഷണി ഉണ്ടായിട്ടും സുരക്ഷയൊരുക്കാത്തതാണ് തീരമിടിയാൻ കാരണം. ഒഴുക്കിന്‍റെ ശക്തി കുറയ്ക്കാന്‍ മുട്ടുകളോ സംരക്ഷണഭിത്തിയോ നിര്‍മിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.

മഴശക്തമാകുന്നതോടെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകും.  പ്രളയകാലത്തും കഴിഞ്ഞ വെള്ളപൊക്കത്തിലും പ്രദേശത്ത് ഏറെ നാശനഷ്ടങ്ങളുണ്ടായിരുന്നു. എന്നിട്ടും നാട്ടുകാരുടെ ആശങ്ക പരിഹരിക്കാന്‍ നടപടിയുണ്ടായില്ല.