വേനൽമഴയിൽ 70ലക്ഷത്തിലധികം രൂപയുടെ കൃഷിനഷ്ടം

കോട്ടയം കടുത്തുരുത്തിയിൽ വേനൽമഴയിൽ 250 ഏക്കറിലെ നെൽകൃഷി നശിച്ചു. കോവിഡ് നിയന്ത്രണങ്ങളിൽ കൊയ്യാനാവാതെ കിടന്ന പാടത്ത് കൊയ്ത്ത് തുടങ്ങിയ ഘട്ടത്തിലാണ് മഴ വില്ലനായത്. വെള്ളം നിറഞ്ഞ പാടത്ത് യന്ത്രകൊയ്ത്ത് പ്രതിസന്ധിയിലായതോടെ 70 ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കർകർക്കുണ്ടായത്. 

രണ്ടാഴ്ച വൈകി കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്തുരുത്തി മധുരവേലി പടിഞ്ഞാറെപുറം പാടശേഖരത്തിൽ   കൊയ്ത്ത് യന്ത്രങ്ങൾ എത്തിയത്. തരിശുരഹിത നെൽകൃഷി പദ്ധതിയുടെ ഭാഗമായി  90 ലധികം കർഷകർ ഇവിടെ വിത്തെറിഞ്ഞു. പാട്ടത്തിനെടുത്ത പാടത്ത് കൃഷിയിറക്കാൻ ഏക്കറിന് മുപ്പതിനായിരം രൂപ വരെയാണ് കർഷകർ ചെലവഴിച്ചു.   കാത്തിരുന്ന് കിട്ടിയനൂറുമേനി വിളവാണ് വേനൽമഴയിൽ അടിഞ്ഞു പോയത്. കൊയ്ത്ത് യന്ത്രം എത്താൻ വൈകിയതിനിടെ 5 ദിവസം തുടർച്ചയായി മഴ പെയ്തു.  കൊയ്ത്ത് തുടങ്ങിയപ്പോൾവീണ്ടും പെയ്തമഴ പാടത്ത് വെള്ളം നിറച്ചപ്പോൾ  യന്ത്രക്കൊയ്ത്തും മുടങ്ങി.  പാടശേഖരത്തിലെ പകുതി നെല്ലും അടിഞ് നശിച്ചു.

വെള്ളത്തിലായ നെല്ല് കിളിർത്ത് നശിച്ച് തുടങ്ങി. നിലം ഉണക്കികൊയ്ത്ത് തുടങ്ങിയാലും 10 ദിവസം 5 യന്ത്രങ്ങൾ പ്രവർത്തിപ്പിച്ചാൽ മാത്രമെ ഇനി ശേഷിക്കുന്ന നെല്ല് കൊയ്തെടുക്കാനാകൂ.   വേനൽമഴ ശക്തമായാൽ ടൺ കണക്കിന് നെല്ല്  പാടത്ത് തന്നെ കർഷകർക്ക് ഉപേക്ഷിക്കേണ്ടി വരും.