തുക വീണ്ടും വകമാറ്റി നഗരസഭ; ചാലാപ്പള്ളി പാലം നിര്‍മാണം അനിശ്ചിതത്വത്തില്‍

ആലപ്പുഴ കായംകുളം ചാലാപ്പള്ളി പാലത്തിനായി വകയിരുത്തിയ തുക നഗരസഭ വീണ്ടും വകമാറ്റി. ഇതോടെ പാലംപണി അനിശ്ചിതത്വത്തിലായി. 2018ൽ പ്രളയത്തിലാണ് കായംകുളം നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തേക്ക് പോകുന്ന ചാലാപ്പള്ളി പാലം തകർന്നത്.  

രണ്ടുവര്‍ഷത്തോളമായി ഇതാണ് പാലത്തിന്റെ അവസ്ഥ. ഇലക്ട്രിക് പോസ്റ്റുകളും തടികളുമെല്ലാം കുറുകെയിട്ട് അതിനു മുകളിലൂടെയാണ് നാട്ടുകാരുടെ സാഹസിക യാത്ര. അതും ഇരുചക്രവാഹങ്ങള്‍ക്കും കാല്‍നടയ്ക്കും മാത്രം പറ്റുന്ന അവസ്ഥയില്‍. നാട്ടുകാരുടെ പ്രക്ഷോഭത്തെ തുടർന്ന് നഗരസഭ അന്ന് 50 ലക്ഷം രൂപ പാലത്തിനായി അനുവദിച്ചു. എന്നാൽ 2019ൽ ഈ തുക വകമാറ്റി ചിലവഴിച്ചു. അതോടെ പാലം പണി നടന്നില്ല. പിന്നീട് നാട്ടുകാർ സമരവുമായി വീണ്ടും രംഗത്ത് വന്നു. നഗരസഭയിലെ ഭരണപക്ഷ കൗണ്‍സിലറര്‍മാരും ചെയര്‍മാനെതിരെ തിരിഞ്ഞതോടെ വീണ്ടും പാലത്തിനായി തുക അനുവദിച്ചു എന്നാൽ എല്‍ഡിഎഫ് ഭരിക്കുന്ന നഗരസഭ ഇത് വീണ്ടും വകമാറ്റി

നൂറുകണക്കിന് ആളുകളാണ് ദിനം പ്രതി ഇത് വഴി യാത്ര ചെയ്യുന്നത്. നാടിന്റെ ആവശ്യത്തിന് മുന്‍ഗണന നല്‍കാതെ ഫണ്ട് വകമാറ്റല്‍ പരിപാടി നഗരസഭ തുടരുമ്പോഴും പാലം നിർമ്മിക്കണമൊവശ്യപ്പെട്ട് പ്രക്ഷോഭവും തുടരാനാണ് നാട്ടുകാരുടെ തീരുമാനം