മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി തർക്കം; റോഡ് ഉപരോധം

കൊല്ലം അരിപ്പയിലെ സമരഭൂമിയില്‍ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി സമരസമിതിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളും തമ്മില്‍ തര്‍ക്കം. വിവാദ ഭൂമിയില്‍ മൃതദേഹം സംസ്കരിക്കാന്‍ അനുവദിക്കാത്തതിനെതിരെ സമര സമിതി റോഡ് ഉപരോധിച്ചു. സമരക്കാരെ അറസ്റ്റു ചെയ്തു നീക്കിയ ശേഷം മൃതദേഹം മറ്റൊരു സ്ഥലത്ത് സംസ്കരിച്ചു.

ഏഴുവര്‍ഷത്തോളമായി അരിപ്പയിലെ തര്‍ക്ക ഭൂമിയില്‍ കഴിയുന്ന ഷൈജുവിന്റെ മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. വിവാദ ഭൂമിയില്‍ മൃതദേഹം സംസ്കരിക്കണമെന്നായിരുന്നു ബന്ധുക്കളുടെയും സമരസമിതിയുടെയും ആവശ്യം. എന്നാല്‍ സ്വന്തമായി ഭൂമി ഉള്ളതിനാല്‍ സര്‍ക്കാര്‍ ഭൂമിയില്‍ സംസ്കരിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു ഉദ്യോഗസ്ഥരാണ് നിലപാട്. ഒരു പകല്‍ മുഴുവന്‍ ചര്‍ച്ച നടന്നെങ്കിലും ഇരുകൂട്ടരും വിട്ടുവീഴ്ച്ചയ്ക്ക് തയാറായില്ല. ഒടുവില്‍ സമരസമിതി രാത്രിയില്‍ തിരുവനന്തപുരം തെന്‍മല സംസ്ഥാന പാത ഉപരോധിച്ചു. 

സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി. മൃതദേഹം പൊലീസ് കാവലില്‍ ഷൈജുവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് സംസ്കരിച്ചു. പാട്ടക്കാലവധി കഴിഞ്ഞതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത കുളത്തുപ്പുഴ അരിപ്പയിലെ ഭൂമിയില്‍ 2012 ഡിസംബര്‍ 31 അര്‍ധരാത്രിയിലാണ് ആദിവാസി ദലിത് മുന്നേറ്റ സമിതി സമരം ആരംഭിച്ചത്. ഏഴു വര്‍ഷം പിന്നിട്ടിട്ടും പ്രശ്നം ഇതുവരെ പരിഹരിച്ചിട്ടില്ല.