ചന്തവിളയിൽ കടുത്ത ജലക്ഷാമം; നെൽ കർഷകർ പ്രതിസന്ധിയിൽ

വരള്‍ച്ചയില്‍ കടുത്ത ജലക്ഷാമത്തിൽ പ്രതിസന്ധിയിലായി  തിരുവനന്തപുരം ചന്തവിള പാട്ടു വിളാകത്തെ നെൽ കർഷകർ. വിണ്ടുകീറിത്തുടങ്ങിയ പാടത്ത് ടാങ്കർ ലോറിയിലെത്തിച്ച വെള്ളമാണ് കൃഷിക്ക് താല്ക്കാലിക ആശ്വാസം  .കതിരിട്ടു തുടങ്ങിയ നെൽച്ചെടികൾ  സംരക്ഷിക്കാൻ പരിശ്രമിക്കുകയാണ്  കർഷകർ

വേനല്‍കാലത്ത് കൃഷി സംരക്ഷിക്കാന്‍ പാടുപെടുന്ന കര്‍ഷകരുടെ അവസ്ഥയാണ്. നെല്‍പാടത്തില്‍ വെള്ളം വേണമെങ്കില്‍ ടാങ്കറി‍ല്‍ എത്തിക്കണം. തരിശായിക്കിടന്ന നെൽവയലുകൾ വീണ്ടെടുക്കാൻ കൃഷിവകുപ്പും തിരുവനന്തപുരം കോർപറേഷനും ചേർന്നാണ് കർഷകരെ വിളിച്ചു ചേർത്ത് നെൽകൃഷി ആരംഭിച്ചത്. പാടത്തേക്കുള്ള സ്വാഭാവിക ജലമൊഴുക്ക് തടയപ്പെട്ടതാണ് വേനല്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാക്കാന്‍ കാരണം  തെറ്റിയാറിന്റെ കൈവഴിയായ നീർച്ചാലുകളെല്ലാം തന്നെ കൈയേറ്റത്താലും നശിച്ചിരിക്കുന്നുവെന്നാണ് ആരോപണം 

30 വർഷം മുൻപ് ഇറിഗേഷൻ വകുപ്പ് ഈ തോട്ടിൽ നിർമ്മിച്ച തടയണകളെല്ലാം നോക്കുകുത്തികളായി മാറിയിരിക്കുന്നു.  പല സ്ഥലത്തും നിലങ്ങൾ മണ്ണിട്ടു മൂടിയതിനാൽ കുളങ്ങളിൽ നിന്നുള്ള സ്വാഭാവിക നീരൊഴുക്ക് നിലച്ചിരിക്കുന്നു.

ദിനവും ടാങ്കറിൽ വെളളമെത്തിക്കുന്നത് കർഷകർക്ക് വൻ സാമ്പത്തിക ബാധ്യതയും ഉണ്ടാക്കുന്നുണ്ട്.  രണ്ടാം വിളക്കായി നാലേക്കർ സ്ഥലത്ത് ആരംഭിച്ച നെൽകൃഷിയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ജലം പാടത്ത് സ്വാഭിവക പ്രക്രിയയിലൂടെ എത്തിക്കാനുള്ള മാര്‍ഗമുണ്ടായാലേ കൃഷി നശിക്കാതിരിക്കുകയൊള്ളൂ. 

പാട്ടുവിളാകം പാടത്ത് പ്രധാനമായും വെള്ളമെത്തിയിരുന്ന പെരുംചിറ കുളം നീന്തൽ കുളമാക്കി നവീകരിച്ചതും  വേനല്‍കാലത്ത് പ്രതിസന്ധിക്ക് കാരണമാണ്. ഈ കുളത്തിൽ നിന്ന് വീണ്ടും പാടത്തേക്ക് ജലമെത്തിക്കാൻ കഴിയുമെന്ന് കർഷകർ പറയുന്നു .ജലസേചന വകുപ്പ് മുൻകൈയെടുത്ത് കൈയേറ്റങ്ങൾ ഒഴിവാക്കിയാൽ മാത്രമേ നെൽകൃഷി തുടരാൻ കഴിയുകയുള്ളൂ എന്നതാണ് അവസ്ഥ