കൊല്ലത്തിന്റെ കിഴക്കൻ മേഖലയിൽ മാലിന്യം നിറയുന്നു; ഗതികേടിൽ നാട്ടുകാർ

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവാകുന്നു. ഒരു മാസത്തിനിടെ പത്തിലധികം സ്ഥലങ്ങളിലാണ് കക്കൂസ് മാലിന്യവും അറവ്മാലിന്യവും ഉള്‍പ്പടെ തള്ളിയത്. മാലിന്യം തള്ളാനെത്തിയവരെ രണ്ടിടത്തു നിന്നു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു

അലയമണ്‍ പഞ്ചായത്തിലെ പുല്ലാഞ്ഞിയോട് തോട്ടിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ശുചിമുറി മാലിന്യം തള്ളിയത്. കര്‍ഷകരുടെ ഉള്‍പ്പടെ ജലസ്രോതസായിരുന്ന തോട് പൂര്‍ണമായും മലിനപ്പെട്ടു. മാലിന്യം നീക്കം ചെയ്യാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പം പഞ്ചായത്തും.

ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ രാത്രിയുടെ മറവില്‍ പൊതു ഇടങ്ങളില്‍ മാലിന്യം തള്ളുന്നത് പതിവായിരിക്കുകയാണ്. തിരുവനന്തപുരം നഗരത്തില്‍ നിന്നുള്ള അറവ് മാലിന്യവുമായി വന്ന രണ്ടു വാഹനങ്ങള്‍ ഏരൂരില്‍ നിന്നും മറ്റൊരു വാഹനം പത്തനാപുരത്തു നിന്നും നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. ദുര്‍ബല വകുപ്പുകളിട്ട് കേസെടുക്കുന്നത് കൊണ്ടാണ് ഇത് ആവര്‍ത്തിക്കുന്നതെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്.