പാര്‍ക്കിങ് സ്ഥലം അടച്ചുകെട്ടിയ 9 സ്ഥാപനങ്ങള്‍ക്ക് കൂടി നോട്ടീസ്

തിരുവനന്തപുരത്ത് പാര്‍ക്കിങ് സ്ഥലം അടച്ചുകെട്ടി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയ ഒമ്പത് സ്ഥാപനങ്ങള്‍ക്ക് കൂടി കോര്‍പ്പറേഷന്‍റെ നോട്ടീസ്. മുപ്പതിലേറെ കെട്ടിടങ്ങള്‍ക്കാണ് ഇതുവരെ നോട്ടീസ് നല്‍കിയത്. ആയൂര്‍വേദ കോളജിനടുത്ത് അനുമതിയില്ലാതെ പേ ആന്റ് പാര്‍ക്ക്  നടത്തുന്നതായും കണ്ടെത്തി.  

എം.ജി. റോഡ് ഭാഗത്തെ പതിനാല് കെട്ടിട സമ്മുച്ചയങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒമ്പതിലും നഗ്നമായ നിയമ ലംഘനങ്ങളാണ് ഉദ്യോഗസ്ഥര്‍ കണ്ടത്തിയത്. ക്രമക്കേട് കണ്ടെത്തിയ കെട്ടിടങ്ങളുടെ നിര്‍മാണ പൂര്‍ത്തീകരണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ഹാജരാക്കാത്ത പക്ഷം കെട്ടിടത്തിന്റെ ലൈസന്‍സ് റദ്ദാക്കും.  

മുമ്പ് പരിശോധന നടത്തിയ സ്റ്റാച്യു, കുറവന്‍കോണം എന്നിവിടങ്ങളില്‍  പാർക്കിങ് സ്ഥലം വേർതിരിച്ച് വിവിധ കടകള്‍,  മാലിന്യം സംഭരിക്കുന്ന ഗോഡൗണ്‍ എന്നിവയ്ക്കായി മാറ്റിയത് ബോധ്യപ്പെട്ട കെട്ടിടങ്ങള്‍ക്കും നോട്ടീസ് നല്‍കിയിരുന്നു. അവിടങ്ങളില്‍ വീണ്ടും പരിശോധനയ്ക്കിറങ്ങും നിയമ ലംഘനം ബോധ്യപ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കും. വരും ദിവസങ്ങളില്‍ കിഴക്കേക്കോട്ട, അട്ടക്കുളങ്ങര ഭാഗങ്ങളിലും പരിശോധന നടത്താനാണ് തീരുമാനം.