കൊല്ലം ബൈപാസിൽ വീണ്ടും വാഹനാപകടം; ഒരാൾ മരിച്ചു

അപകടങ്ങള്‍ പതിവായ കൊല്ലം ബൈപാസില്‍ ഇന്നും വാഹനാപകടത്തില്‍ ഒരു മരണം. ശിവഗിരി ദര്‍ശനത്തിന് ശേഷം മടങ്ങുകയായിരുന്ന ആലപ്പുഴ കൈനകരി സ്വദേശികളാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണം വിട്ട കാര്‍ ബൈപ്പാസിന്റെ കൈവരി തകർത്ത് താഴേക്കു പതിക്കുകയായിരുന്നു.

ഉച്ചയ്ക്ക് രണ്ടു മണിയോടെ കല്ലുന്താഴം ജംക്്ഷന് സമീപമായിരുന്നു അപകടം. ശിവഗിരിയില്‍ നിന്നു മടങ്ങുകയായിരുന്നു ഏഴംഗ കുടുംബം സഞ്ചിരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബൈപ്പാസിന്റെ കൈവരി തകർത്ത് സമീപത്തെ വീടിന്റെ ഭിത്തിയില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു.

അപകടത്തില്‍ കൈനകരി നോർത്ത് കുട്ടമംഗലം സ്വദേശി അനിരുദ്ധനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു കുട്ടികൾ അടക്കം ആറു പേര്‍ സാരമായ പരുക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ ചികില്‍സയിലാണ്. ഉദ്ഘാടനം കഴിഞ്ഞു ഒരു വര്‍ഷമാകുമ്പോള്‍ ചെറുതും വലുതുമായ ഇരുന്നുറോളം അപകടങ്ങളാണ് കൊല്ലം ബൈപാസില്‍ നടന്നത്. 

മുപ്പതോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. നൂറുലധികം പേര്‍ക്കു പരുക്കേറ്റു.  അമിത വേഗവും, അലക്ഷ്യമായ ഡ്രൈവിങ്ങും, ഇടറോഡുകളില്‍ നിന്നു വാഹനങ്ങള്‍ അശ്രദ്ധമായി ബൈപാസിലേക്ക് ‌കയറുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്നാണ് കണ്ടെത്തല്‍. അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉള്‍പ്പടെ പലതവണ ആവശ്യപ്പെട്ടിട്ടും കാര്യമായ ഒരു പ്രവര്‍ത്തനവും ഇതുവരെ നടത്തിയിട്ടില്ല.