പ്രളയബാധിതര്‍ക്ക് കൈത്താങ്ങ്; മാര്‍ത്തോമ്മാ സഭയുടെ വീടുകള്‍ കൈമാറിതുടങ്ങി

പ്രളയബാധിതര്‍ക്കായി മാര്‍ത്തോമ്മാ സഭ നിര്‍മിച്ച വീടുകള്‍ കൈമാറിതുടങ്ങി. പൂര്‍ത്തീകരിച്ച വീടുകളുടെ ആദ്യ താക്കോല്‍ദാനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിച്ചു. വിവിധയിടങ്ങളിലായി നൂറ്റിരണ്ട് വീടുകളാണ് സഭ നിര്‍മിക്കുന്നത്.  

പ്രളയം തകര്‍ത്തെറിഞ്ഞ നാട്ടില്‍ മാര്‍ത്തോമ്മാ സഭ നിര്‍മിച്ചുനല്‍കിയ വീടുകളുടെ ആദ്യഘട്ട താക്കോല്‍ദാനമാണ് തിരുവല്ലയില്‍ നടന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രളയ ദുരിതാശ്വാസ ഭവനപദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനവും നിര്‍വഹിച്ചു. ദുരിതബാധിതരെ കൈപിടിച്ചുയര്‍ത്താനുള്ള ശ്രമങ്ങളെ മലയാളത്തില്‍തന്നെ ഗവര്‍ണര്‍ അഭിനന്ദിച്ചു. 

സഹജീവികളെ സഹായിക്കുമ്പോള്‍ ജാതി–മത വ്യത്യാസങ്ങള്‍ ഉണ്ടാകരുതെന്നും, അതിന് തെളിവാണ് ഭവനനിര്‍മാണപദ്ധതിയെന്നും അധ്യക്ഷത വഹിച്ച ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. വിവിധയിടങ്ങളിലായി ആകെ 102വീടുകളാണ് സഭ നിര്‍മിച്ചുനല്‍കുന്നത്. ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കിയ 66 വീടുകളാണ് കൈമാറിയത്. ഒരു വീടിന് 7.5 ലക്ഷം രൂപയാണ് ചെലവ്. ആകെ 10 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിച്ചു. ഇതുകൂടാതെ 66 വീടുകൾ അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കിയതായും അധികൃതര്‍ അറിയിച്ചു.