ബൈപാസിൽ അപകടങ്ങൾ പതിവ്; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം ബൈപാസിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. അശാസ്ത്രീയ നിര്‍മാണവും അമിത വേഗതയും മൂലം ബൈപാസില്‍ അപകടങ്ങള്‍ പതിവാകുന്നു എന്ന മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയ എടുത്ത കേസിലാണ് ഉത്തരവ്. മേവറം മുതല്‍ അയത്തില്‍ വരെയുള്ള ഭാഗത്ത് തെരുവിളക്കുകള്‍ പുതിയതായി സ്ഥാപിച്ചു.

ഉദ്ഘാടനം കഴിഞ്ഞു ഒരു വര്‍ഷത്തോളമാകുമ്പോള്‍ ചെറുതും വലുതുമായ ഇരുന്നുറോളം അപകടങ്ങളാണ് കൊല്ലം ബൈപാസില്‍ നടന്നത്.  ഇരുപത്തിയഞ്ചോളം പേര്‍ക്ക് ജീവന്‍ നഷ്മായി. നൂറുലധികം പേര്‍ക്കു പരുക്കേറ്റു. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ട മനുഷ്യാവകാശ കമ്മിഷന്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സ്വമേധയാ കേസെടുത്തിരുന്നു. അമിത വേഗവും, അലക്ഷ്യമായ ഡ്രൈവിങ്ങും, ഇടറോഡുകളില്‍ നിന്നു വാഹനങ്ങള്‍  അശ്രദ്ധമായി ബൈപാസിലേക്ക് ‌കയറുന്നതുമാണ് അപകടത്തിന് പ്രധാന കാരണമെന്നാണ് കണ്ടെത്തല്‍. അപകടങ്ങള്‍ കുറയ്ക്കുന്നതിന് ക്യാമറകളും തെരുവു വിളക്കുകളും ഉള്‍പ്പെടയുള്ളവ ഉടന്‍ സ്ഥാപിക്കണമെന്ന് ജില്ലാ റോഡ് സുരക്ഷാ കൗണ്‍സിലിനോട് കമ്മിഷന്‍ ഉത്തരവിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തുല്യ പങ്കാളിത്തതോടെ പണിത കൊല്ലം ബൈപാസില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പണം അനുവദിക്കുന്നില്ലെന്ന് പൊതുമരാമത്ത് മന്ത്രി ആരോപിച്ചു.ബൈപാസില്‍ മേവറം മുതല്‍ അയത്തില്‍ വരെയുള്ള ഭാഗത്ത് സ്ഥാപിച്ച തെരുവിളക്കുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

അപകടങ്ങള്‍ പതിവായിട്ടും ബൈപാസില്‍ മോട്ടോര്‍വാഹന വകുപ്പും പൊലീസും കാര്യമായ പരിശോധനകള്‍ നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്.