ആശുപത്രിയിലെ മാലിന്യ സംസ്കരണം അവതാളത്തിൽ; പ്രതിഷേധം ശക്തം

കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ മാലിന്യ സംസ്കരണം അവതാളത്തിലായി. എയറോബിക് കംപോസ്റ്റ് യൂണിറ്റിന്‍റെ പ്രവര്‍ത്തനം നിലച്ചതും മാലിന്യത്തിന്‍റെ അളവിലെ വര്‍ധനയുമാണ് പ്രതിസന്ധിയായത്. പ്രശ്നപരിഹാരത്തിന് കൂടുതല്‍ സംസ്കരണ യൂണിറ്റുകള്‍ സ്ഥാപിക്കണമെന്നാണ് ആവശ്യം. 

കാഞ്ഞിരപ്പള്ളി ജനറാലാശുപത്രിയിൽ വാഴൂർ ബ്ലോക്ക് പഞ്ചായത്ത് സ്ഥാപിച്ച എയറോബിക് കംപോസ്റ്റ് യൂണിറ്റാണ് മാലിന്യം സംസ്കരിക്കാനുള്ള ഏക മാര്‍ഗം. രണ്ട് വര്‍ഷം മുന്‍പ് സ്ഥാപിച്ച യൂണിറ്റിന്‍റെ പ്രവര്‍ത്തനം ഏറെക്കുറെ നിലച്ച മട്ടാണ്.നാല് ചേംബറുകളുള്ള യൂണിറ്റില്‍ ഒരു ചേമ്പറിൽ 50കിലോ വീതം മാലിന്യം സംസ്കരിക്കാവുന്നതാണ്. നിക്ഷേപിക്കുന്ന മാലിന്യങ്ങളെ 90 ദിവസം കൊണ്ട് വളമാക്കി മാറ്റുകയായിരുന്നു ലക്ഷ്യം. യൂണിറ്റ് സ്ഥാപിച്ചപ്പോള്‍ ഉള്ളതിനേക്കാള്‍ രണ്ടിരട്ടി മാലിന്യമാണ് നിലവില്‍ ആശുപത്രിയില്‍ ദിവസേന ലഭിക്കുന്നത്. താങ്ങാവുന്നതിലും അപ്പുറം മാലിന്യം സംസ്കരിച്ച് തുടങ്ങിയതോടെ യൂണിറ്റിന്‍റെ പ്രവര്‍ത്തനം അവതാളത്തിലായി. 

ആഹാര അവശിഷ്ടങ്ങള്‍ ഉള്‍പ്പെടുന്ന ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചതും എയറോബിക് കംപോസ്റ്റ് യൂണിറ്റിന്‍റെ പ്രവര്‍ത്തനം തകരാറിലാക്കി. ജൈവമാലിന്യങ്ങള്‍ സംസ്കരിക്കാനാണ് ആശപത്രിയില്‍ സംവിധാനം വേണ്ടത്. ബയോഗ്യാസ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചെങ്കിലും നടപ്പിലാക്കുന്നതില്‍ കാലതാമസം നേരിടുകയാണ്. പ്ലാന്‍റ് യാഥാര്‍ഥ്യമാകുന്നതുവരെ മാലിന്യം സംസ്കരിക്കാന്‍ ബദല്‍ മാര്‍ഗങള്‍ കണ്ടെത്തിയേ മതിയാകൂ.