കാപെക്സ് ഗുണനിലവാരമില്ലാത്ത കശുവണ്ടിപ്പരിപ്പ് അയച്ചു; തിരിച്ചയച്ച് തിരുപ്പതി ക്ഷേത്രഭരണസമിതി

കാപെക്സ്, തിരുപ്പതി ക്ഷേത്രത്തിലേക്ക് അയച്ച കശുവണ്ടിപ്പരിപ്പ് ഗുണനിലവാരമില്ലാത്തതിനെ തുടര്‍ന്ന് നിരസിച്ചു. അഞ്ചു ടണ്‍ പരിപ്പ് ഉടന്‍ തിരിക എടുക്കണമെന്നും അല്ലെങ്കില്‍ പിഴ നല്‍കേണ്ടി വരുമെന്നുമാണ് ക്ഷേത്രഭരണ സമിതിയുടെ മുന്നറിയിപ്പ്. പരിപ്പിന് ഭാഗീകമായ തകരാര്‍ മാത്രമേയുള്ളുവെന്നും ഇതു ഉടന്‍ തിരിച്ചെടുക്കുമെന്നുമാണ് സഹകരണ സ്ഥാപനമായ കാപെക്സിന്റെ വിശദീകരണം.

തിരുപ്പതി ക്ഷേത്രത്തിലെ ലഡു നിര്‍മാണത്തിനായി കാപ്പെക്സ് അയച്ച അഞ്ചു ടണ്‍ കശുവണ്ടി പരിപ്പാണ് നിരസിച്ചത്. ഗുണനിലവാരക്കുറവിനൊപ്പം പരിപ്പ് കൂടുതല്‍ പൊടിഞ്ഞതുമാണ് നിരസിക്കാനുള്ള കാരണമായി ക്ഷേത്രഭരണസമിതി ചൂണ്ടിക്കാട്ടുന്നത്.  ഗുണ നിലവാര കുറവല്ല പ്ലാസിറ്റ് കവറിലെ പാക്കിങ്ങാണ് പരിപ്പ് പൊടിയാന്‍ കാരണമെന്നാണ് സഹകരണ സ്ഥാപനമായ കാപ്പെക്സിന്റെ വിശദീകരണം. പരിപ്പുമായി തിരുപ്പതിയിലേക്ക് പോകുന്ന അടുത്ത ലോറിയില്‍ പഴയത് തിരികെ കൊണ്ടുവരും. കാപ്പെക്സ് ഭരണ സമിതിയുടെ കഴുവുകേടാണ് പരിപ്പ് നിരസിച്ചതിലൂടെ വ്യക്തമായതെന്ന് യുഡിഎഫ് ആരോപിച്ചു. അതേ സമയം കശുവണ്ടി വികസന കോർപ്പറേഷനിൽ നിന്നു തിരുപ്പതിയിലേക്ക് കയറ്റി അയച്ച പത്തു ടണ്‍ കശുവണ്ടി പരിപ്പും സ്വീകരിച്ചു. നൂറു ടണ്ണിനുള്ള പുതിയ ഓര്‍ഡറും കോർപ്പറേഷന് ലഭിച്ചേക്കും.