കാഷ്യൂ ബോര്‍ഡ് രൂപീകരണം പ്രതിസന്ധിയില്‍

മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ മുൻകൈ എടുത്ത് രൂപീകരിക്കുന്ന കാഷ്യൂ ബോർഡിന് ഖജനാവിൽ നിന്ന് പണം ന‍ൽകാനുള്ള ധനവകുപ്പിന്റെ നീക്കത്തേ എതിർത്ത് നിയമവകുപ്പ്. കമ്പനി നിയമപ്രകാരം സ്വകാര്യ സ്ഥാപനമായി രൂപീകരിക്കുന്ന കാഷ്യു ബോർഡിന്റെ പ്രവർത്തനത്തിന് ആവശ്യപ്പെട്ട 250 കോടി രൂപ അനുവദിക്കുന്നത് നിയമവകുപ്പിന്റെ എതിർപ്പോടേ പ്രതിസന്ധിയിലായി. സർക്കാർ സ്ഥാപനമായി പ്രഖ്യാപിച്ച കാഷ്യു ബോർഡ് സ്വകാര്യ കമ്പനിയായി രൂപീകരിക്കുന്നതിനെ എതിർത്ത രഹസ്യരേഖകൾ മനോരമ ന്യൂസിന് ലഭിച്ചു. 

കൊല്ലം ആസ്ഥാനമായി രൂപീകരിക്കുന്ന കാഷ്യു ബോർഡിൽ സംസ്ഥാന സർക്കാരിന് 49% ഓഹരി മാത്രമാണ് എന്നതാണ് നിയമവകുപ്പിന്റെ എതിർപ്പിന് ഇടയാക്കിയിരിക്കുന്നത്. 51% ഓഹരിയും സർക്കാർ നിയന്ത്രണത്തിന് പുറത്താണ്. ഇതിൽ കശുവണ്ടി വികസന കോർപറേഷൻ, കാപ്പക്സ്, മറ്റു സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർ വരുന്നു. ഭൂരിഭാഗം ഓഹരികൾ സർക്കാരിനു ഇല്ലാത്തതിനാൽ കമ്പനിയുടെ കാര്യങ്ങൾ ഇടപെടുന്നതിന് സർക്കാരിന് തടസമുണ്ടാകും. സർക്കാരിന്റെ ഓഹരി 49 ശതമാനമായി നിജപ്പെടുത്തി സ്വാകാര്യ കമ്പനിയായാണ് രൂപീകരിക്കുന്നതെന്നാണ് ഔദ്യോഗിക രേഖകൾ. ഡയറക്ടർ ബോർഡിലെ സർക്കാർ പ്രതിനിധികളും പൊതുമേഖലാ സ്ഥാപനങ്ങളിലെ പ്രതിനിധികളും ചേരുമ്പോഴുണ്ടാകുന്ന ഭുരിപക്ഷം ഉപയോഗിച്ചു സർക്കാറിന്റെ നിർദേശങ്ങൾ നടപ്പാക്കാം.എന്നാൽ ആ നിർദേശം ആർട്ടിക്കിൾസ് ഓഫ് അസോസിയേഷനിൽ' ഉൾപ്പെടുത്തിയിട്ടുമില്ല. ധനവകൂപ്പ് ചൂണ്ടികാട്ടിയിട്ടുള്ള കാര്യങ്ങൾ സർക്കാരിന് 51 ശതമാനത്തിൽ അധികം ഓഹരി പങ്കാളിത്തമുള്ള പൊതുമേഖലാ സ്ഥാപങ്ങൾക്കു മാത്രം ബാധകമാണെന്നാണ് നിയമവകുപ്പിന്റെ നിലപാട്. ഉൽപാദക രാജ്യങ്ങളിൽ നിന്നു തോട്ടണ്ടി നേരിട്ടു സംഭരിച്ച് ഫാക്ടറികൾക്കും ‌നൽകാനും ആഭ്യന്തര ഉൽപാദനം വർധിപ്പിക്കുന്നതിനുമാണ് കാഷ്യു ബോർഡ് രൂപീകരിക്കാൻ സംസ്ഥാന സർക്കാ‍ർ തീരുമാനിച്ചത്.