പെട്രോള്‍ ബോംബ് കേസില്‍ കുറ്റപത്രം; ഷിജു വർഗീസ് ഉള്‍പ്പെടെ 4 പ്രതികള്‍

കൊല്ലം കുണ്ടറയിലെ പെട്രോൾ ബോംബ് കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ഇഎംസിസി ഉടമ ഷിജു എം വർഗീസ് തന്നെയാണ് ബോംബേറ് സംഭവത്തിന് പിന്നിൽ ന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മേഴ്സിക്കുട്ടി അമ്മയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തുകയായിരുന്നു ഉദ്ദേശമെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇ.എം.സി.സി. ഉടമ ഷിജു എം വർഗീസ്,  വിനുകുമാർ, കൃഷ്ണകുമാർ ,  ശ്രീകാന്ത് എന്നിങ്ങനെ നാല് പേരെ പ്രതികളാക്കിയാണ് പൊലീസിന്റെ കുറ്റപത്രം. കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ചാത്തന്നൂർ അസിസ്റ്റൻറ് കമ്മീഷണർ ഗോപകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്. ലഹള ഉണ്ടാക്കാനുള്ള ആസൂത്രിത ശ്രമമാണ് ബോംബേറിന് പിന്നിലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കുണ്ടറ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന മേഴ്സിക്കുട്ടി അമ്മയെ പരാജയപ്പെടുത്തുകയായിരുന്നു ഉദ്ദേശം. 

അതേ മണ്ഡലത്തിൽ സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിച്ച ഷിജു എം. വർഗീസ് മേഴ്സിക്കുട്ടിയമ്മയുടെ ഗൂഡാലോചനയാണ് സംഭവത്തിന്‌ പിന്നിലെന്ന് വരുത്തിതീർക്കാൻ ആണ് തെരഞ്ഞെടുപ്പ് ദിവസം പുലർച്ചെ സ്വന്തം വാഹനത്തിൽ ബോംബെറിയുന്നത്. 40 പേജുള്ള കുറ്റപത്രത്തിൽ 66 തൊണ്ടിമുതലുകളും 54 സാക്ഷികളെയും തെളിവായി നൽകിയിട്ടുണ്ട്. നരഹത്യാ ശ്രമം, മനപ്പൂർവ്വം ലഹള ഉണ്ടാക്കാനുള്ള പദ്ധതി,  ഗൂഢാലോചന തുടങ്ങിയ വിവിധ വകുപ്പുകൾ ചേർത്താണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കുണ്ടറ നിയമസഭാ മണ്ഡലത്തിലെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു തെരഞ്ഞെടുപ്പ് ദിവസം സംഭവം അരങ്ങേറിയത്. ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ടാണ്  ഇഎംസിസി എന്ന കമ്പനി വിവാദത്തിൽ പെട്ടത്.