വികസന നേട്ടങ്ങളെ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മ

സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങളെ ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ച് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ.   യു.എന്‍ അക്കാദമിക് ഇംപാക്ടിന്റെ ആഭിമുഖ്യത്തില്‍ ന്യൂയോര്‍ക്കിലെ യു.എന്‍. ആസ്ഥാനത്ത് സുസ്ഥിര വികസന ലക്ഷ്യങ്ങളും സാമൂഹിക ശാക്തീകരണവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സമ്മേളനത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ മന്ത്രി വിശദീകരിച്ചത്. കുണ്ടറ നിയോജക മണ്ഡലം കേന്ദ്രീകരിച്ച് ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഇടം പദ്ധതി ഐക്യരാഷ്ട്രസഭയില്‍ അവതരിപ്പിച്ചു. 

യു.എന്‍ ഉദ്യോഗസ്ഥര്‍ക്കു പുറമെ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ അക്കാദമിക് പ്രമുഖരും വിദ്യാര്‍ഥികളും പങ്കെടുത്ത രാജ്യാന്തര ശില്പശാലയിലാണ് സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ ജെ.മേഴ്സിക്കുട്ടിയമ്മ അവതരിപ്പിച്ചത്. ആഭ്യന്തര വളര്‍ച്ചാ നിരക്കിലുപരി മനുഷ്യപുരോഗതിക്ക് ഊന്നല്‍ നല്‍കുന്ന ബദല്‍ മാതൃകയാണ് കേരള മോഡല്‍ വികസനമെന്ന് ഐക്യരാഷ്ട്രസഭയില്‍ വിശദീകരിച്ചു. പൊതുജനങ്ങളുടെ പങ്കാളിത്വത്തോടെ ഭവനരഹിതര്‍ക്ക് പാര്‍പ്പിടമൊരുക്കുന്ന ഇടം പദ്ധതി ലോകം ഏറ്റെടുക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു.

 സര്‍ക്കാരിന്റെ ലൈഫ്, ആര്‍ദ്രം, ഹരിത കേരളം ഉള്‍പെടെയുള്ള പദ്ധതികളെ ക്കുറിച്ചും യുഎന്‍ സമ്മേളനത്തില്‍ കേരള സംഘം വിശദീകരിച്ചു. കൊല്ലം ജില്ല കലക്ടര്‍ ഡോ എസ് കാര്‍ത്തിയേന്‍ ഇടം പദ്ധതി അവതരിപ്പിച്ചു. പദ്ധതിയുടെ വിവിധ ഘടകങ്ങളെക്കുറിച്ച്  ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് വിശദീകരിച്ചു.  ഇടം പദ്ധതിയ്ക്കായി ചെലവ് കുറഞ്ഞ ഭവന നിര്‍മ്മാണ മാതൃക നടപ്പാക്കിയ ടികെഎം കൊളേജ് പ്രതിനിധികളും യുഎന്‍ സമ്മേളനത്തില്‍ പങ്കെടുത്തു.