തൊഴിൽ പരിഷ്ക്കരണം നിർത്തിവയ്ക്കും; കശുവണ്ടി വികസന കോർപ്പറേഷൻ സമരം ഒത്തുതീർപ്പ്

കശുവണ്ടി വികസന കോര്‍പറേഷന്റെ ഫാക്ടറികളിലെ തൊഴിലാളികളുടെ സമരം ഒത്തുതീര്‍പ്പായി. വിവാദമായ തൊഴില്‍ പരിഷ്ക്കരണം തല്‍കാലം നിര്‍ത്തിവെയ്ക്കാന്‍ കോര്‍പറേഷന്റെ ബോര്‍ഡ് യോഗം തീരുമാനിച്ചു. ഐഎന്‍ടിയുസിയിലെ ഗ്രൂപ്പ് പോരും ചില സ്വകാര്യ കശുവണ്ടി വ്യവസായികളുമാണ് സമരത്തിന് പിന്നിലെന്ന് കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ ആരോപിച്ചു.

ജോലി ഭാരം വർധിപ്പിച്ചും കൂലി വെട്ടിക്കുറച്ചും ഇഎസ്ഐ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുത്തുന്ന രീതിയില്‍  തൊഴില്‍ പരിഷ്കരണം നടപ്പിലാക്കിയെന്ന് ആരോപിച്ചായിരുന്നു സമരം. സംസ്ഥാനത്ത് ഒട്ടാകെയുള്ള കശുവണ്ടി വികസന കോര്‍പറേഷന്റെ  മുപ്പത് ഫാക്ടറികളും ഒരാഴ്ച്ചയിലധികമായി അടഞ്ഞു കിടക്കുകയാണ്. ഫാക്ടറികള്‍ക്ക് മുന്നില്‍ തുടങ്ങിയ സമരം കോര്‍പറേഷന്റെ ആസ്ഥാനത്തേക്കും കൊല്ലം കലക്ട്രേറ്റിലേക്കും വ്യാപിപ്പിച്ചിരുന്നു. തുടര്‍ന്ന് ചെയര്‍മാന്‍ അംഗീകൃത തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്.

കശുവണ്ടി വികസന കോര്‍പറേഷനെ തകര്‍ക്കാന്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സമരമാണ് നടന്നതെന്ന് ചെയര്‍മാന്‍ ആവര്‍ത്തിച്ചു. ആയിരത്തി അഞ്ഞൂറോളം സ്ത്രീ തൊഴിലാളികള്‍ സ്വന്തം നിലയില്‍ നടത്തിയ സമരമാണ് വിജയത്തിലെത്തിയിരിക്കുന്നത്.