കാഴ്ചയൊരുക്കി കാട്ടുവള്ളിയിൽ ഊഞ്ഞാലാട്ടി കാടിന്റെ മക്കൾ കവടിയാർ കൊട്ടാരത്തിൽ

ഓണനാളുകളുടെ വരവറിയിച്ച് അഗസ്ത്യാര്‍കൂട വനത്തിലെ ആദിവാസികള്‍ കാഴ്ചയുമായി കവടിയാര്‍ കൊട്ടാരത്തിലെത്തി. കൊട്ടാരവളപ്പില്‍ ഊഞ്ഞാല്‍കെട്ടി രാജകുടുംബാംഗങ്ങളെ അതിലിരുത്തി ആടിച്ച ശേഷമാണ് കാടിന്റെ മക്കള്‍ മടങ്ങിയത്.

പതിവിലും ആഘോഷമായാണ് ഇക്കുറി കോട്ടൂരില്‍ നിന്ന് മൂപ്പന്‍ പൊത്തോട് മല്ലന്‍ കാണിയുടെ നേതൃത്വത്തില്‍ അമ്പതോളം കാണിക്കാര്‍ എത്തിയത്. കൈക്കുഞ്ഞ് മുതല്‍ വയസായവര്‍ വരെ വനവിഭവങ്ങളും കാര്‍ഷികവിഭവങ്ങളും കാണിക്കയായി ചുമന്ന് കൊണ്ടുവന്നു.  പൂയം തിരുനാള്‍ ഗൗരി പാര്‍വതി ഭായിയും അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായിയും കാണിക്കാരെ സ്വീകരിച്ചു. പിന്നെ വട്ടമിട്ടിരുന്ന് വിശേഷം പറഞ്ഞു. 

എട്ടുവീട്ടില്‍ പിള്ളമാരില്‍ നിന്ന് മാര്‍ത്താണ്ഡവര്‍മയ്ക്ക് ഒളിത്താവളം ഒരുക്കിയ കാലം മുതലുള്ള ബന്ധമാണ് കോട്ടൂരിലെ കാണിക്കാര്‍ക്ക് തിരുവിതാംകൂര്‍ രാജകുടുംബവുമായുള്ളത്. കോടതി വിധിയെ തുടര്‍ന്ന് അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ കയറിയതിലെ വിഷമവും വനംവകുപ്പിന്റെ പീഡനവും ഉറ്റവര്‍ മരിച്ച ദുഃഖവുമെല്ലാം കാണിക്കാര്‍ പങ്കുവച്ചു. എല്ലാം പറഞ്ഞുതീര്‍ത്ത ശേഷം പടിവാതില്‍ക്കലെത്തിയ ഓണക്കാലത്തെ പാട്ടുപാടി വരവേറ്റു.

ഊരില്‍ നടക്കാനിരിക്കുന്ന വിവാഹത്തിന് രാജകുടുംബാംഗങ്ങളെ ക്ഷണിച്ചു. വരന്റെ മാതാപിതാക്കള്‍ക്ക് കൊട്ടാരം വക ഉപഹാരം കൈമാറി. വന്നവര്‍ക്കെല്ലാം ദക്ഷിണയും പുതുവസ്ത്രങ്ങളും. മടങ്ങും മുമ്പ് വനത്തില്‍ നിന്നുകൊണ്ടുവന്ന കാട്ടുവള്ളി കൊണ്ട് കൊട്ടാരമുറ്റത്തെ മരത്തില്‍ ഊഞ്ഞാലും കെട്ടി. ഇനി അടുത്ത ഓണത്തിന് കാണാമെന്നുപറ‍ഞ്ഞ് തിരികെ കാട്ടിലേക്ക്.