കുളത്തിനോട് ചേർന്ന് അംഗൻവാടി; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കുളത്തിനോട് ചേര്‍ന്ന് അപകടരമായ  നിലയില്‍ അംഗന്‍വാടി നിര്‍മിച്ചതിനെതിരെ പ്രതിഷേധം. പെരുങ്കടവിളയില്‍ ഒരു സുരക്ഷയുമില്ലാതെയാണ് അംഗന്‍വാടി നിര്‍മിച്ചിരിക്കുന്നത്.എന്നാല്‍ പ്രതിഷേധം വകവെയ്ക്കാതെ ഉടന്‍ ഉദ്ഘാടനം ചെയ്യാനുള്ള തയാറെടുപ്പിലാണ് പഞ്ചായത്ത് അധികൃതര്‍  

പെരുങ്കടവിള ആലത്തൂരില്‍ പണിപൂര്‍ത്തിയാവുന്ന അംഗന്‍വാടിയാണിത്.അപകടകരമായ രീതിയില്‍ കുളത്തിനോട് ചേര്‍ന്നാണ് അംഗന്‍വാടി പണിയുന്നത്.കുളത്തിലേക്ക് ഇറക്കിയാണ് അംഗന്‍വാടിയുടെ തൂണുകള്‍ നിര്‍മിച്ചിരിക്കുന്നത്. അംഗന്‍വാടിയില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ കുളമാണ് കാണുന്നത്. രണ്ടു ഭരണസമിതികള്‍ 22 ലക്ഷം രൂപ അംഗന്‍വാടിക്ക് അനുവദിച്ചു. നാട്ടുകാര്‍ ബാലാവകാശ കമ്മീഷന് പരാതി നല്‍കിയിരിക്കുകയാണ്. പൊക്കമില്ലാത്ത കൈവരികളാണ് നിര്‍മിച്ചിരിക്കുന്നത്.ഒരു സുരക്ഷയും ഇല്ലാതെയാണ് കുട്ടികള്‍ ഇവിടെ പഠിക്കേണ്ടത്. 

അംഗന്‍വാടിയിലെത്തുന്ന കുട്ടികള്‍ക്ക് പൂര്‍ണ സുരക്ഷയുണ്ടെന്നതാണ് പഞ്ചായത്തിന്റെ വാദം. ഏതു സമയവും ജീവനക്കാരുടെ ശ്രദ്ധയുള്ള അംഗന്‍വാടിയില്‍ കുട്ടികള്‍ക്ക് അപകടമുണ്ടാവില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ ഉറപ്പിച്ചു പറയുന്നു.എന്നാല്‍ അപകടകരമായ സാഹചര്യത്തില്‍ അംഗന്‍വാടി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍.