പട്ടയം നൽകുന്നില്ല; പൊന്തൻപുഴ നിവാസികൾ സമരം ശക്തമാക്കും

പട്ടയം ആവശ്യപ്പെട്ട് മണിമല പൊന്തൻപുഴ നിവാസികൾ നടത്തുന്ന സമരം ശക്തമാക്കാന്‍ തീരുമാനം. വനഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ സ്വകാര്യ വ്യക്തികൾക്ക് അനുകൂലമായിവിധി വന്നിട്ടും പ്രദേശവാസികള്‍ക്ക് സര്‍ക്കാര്‍ പട്ടയം നല്‍കുന്നില്ലെന്നാണ് പരാതി. പട്ടയം നല്‍കുന്ന നടപടി വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പൊന്തന്‍പുഴ നിവാസികള്‍ കാഞ്ഞിരപ്പള്ളി മിനി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. 

പട്ടയമാവശ്യപ്പെട്ട് പൊന്തൻപുഴ വനഭൂമിയോട് ചേര്‍ന്ന് താമസിക്കുന്നവര്‍ പ്രക്ഷോഭം ആരംഭിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടു. കോട്ടയം പത്തനംതിട്ട ജില്ലകളിലായി ആയിരത്തി ഇരുനൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. വനഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച സര്‍ക്കാരും സ്വകാര്യ വ്യക്തികളും തമ്മില്‍ കേസ് നിലനിന്നിരുന്നു. കേസിൽ തിരിച്ചടിയുണ്ടാകുമെന്ന് പറഞ്ഞായിരുന്നു പ്രദേശവാസികൾക്ക് സർക്കാർ പട്ടയം നിഷേധിച്ചിരുന്നത്. എന്നാല്‍ കേസില്‍ സ്വകാര്യ വ്യക്തികള്‍ക്ക് അനുകൂലമായിട്ടായിരുന്നു വിധി. നിയമപോരാട്ടത്തിലൂടെ സ്വകാര്യ വ്യക്തികള്‍ ഭൂമി സ്വന്തമാക്കിയപ്പോള്‍ വര്‍ഷങ്ങളായി പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ പട്ടയം നിഷേധിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു മിനി സിവില്‍ സ്റ്റേഷന്‍ മാര്‍ച്ച്.

ആലപ്ര ,പൊന്തൻപുഴ,മേലേക്കവല,പുളിക്കൽപാറ തുടങ്ങിയ പ്രദേശങ്ങളിലെ 140കുടുംബങ്ങളാണ് സമരത്തില്‍ പങ്കെടുത്തത്. പട്ടയത്തിനുവേണ്ട അപേക്ഷയും തഹസില്‍ദാര്‍ക്ക് നല്‍കി. അനുകൂല നടപടികളില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്നാണ് നാട്ടുകാരുടെ മുന്നറിയിപ്പ്.