ടെക്നോപാർക്കിൽ അനധികൃത നിലംനികത്തലെന്ന പരാതിയുമായി നാട്ടുകാർ

ടെക്നോപാർക്ക് ഫേസ് മൂന്നിൽ അനധികൃത നിലംനികത്തലെന്ന പരാതിയുമായി നാട്ടുകാര്‍. ആറ്റിപ്ര വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ കൊടുത്തതിനെത്തുടര്‍ന്ന് നികത്തല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. കഴിഞ്ഞ മഴക്കാലത്ത് ഈ ഭാഗത്തെ നിരവധി വീടുകളും ഫേസ് മൂന്നിലെ റോഡുകളും വെള്ളത്തിനടിയിലായിരുന്നു

ബുധനാഴ്ച രാവിലെയാണ് ടെക്നോപാർക്ക് ഫേസ് മൂന്നിന്റെ സ്ഥലത്ത് ടിപ്പറിൽ നാല്‍പതു ലോഡ് കുന്നിടിച്ച മണ്ണു നിക്ഷേപിച്ചത്. നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയതോടെ ആറ്റിപ്ര വില്ലേജ് ഓഫിസര്‍ ടെക്നോപാര്‍ക്ക് സി.ഇ.ഒക്ക് നോട്ടീസ് നല്‍കി. മഴക്കാലത്ത് വെള്ളക്കെട്ട് രൂക്ഷമായ ആറ്റിപ്രയിൽ നിലംനികത്തല്‍ കൂടിയായതോടെ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു.

ടെക്നോപാർക്ക് ഫേസ് മൂന്നു പൂർണ്ണമായും വയൽ നികത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. നീർച്ചാലുകൾ മണ്ണിട്ടു നികത്തിയതിനാൽ ചെറിയ മഴയിൽ പോലും വീടുകളിൽ വെള്ളം കയറാറുണ്ടായിരുന്നു. അശാസ്ത്രീയമായ ഓടകൾ പൊളിച്ചുമാറ്റി മഴവെള്ളം തെറ്റിയാറിലേക്ക് ഒഴുക്കിവിടാനുള്ള സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.