സംസ്ഥാനത്ത് വീണ്ടും നോക്കുകൂലിത്തര്‍ക്കം

സംസ്ഥാനത്ത് വീണ്ടും നോക്കുകൂലിത്തര്‍ക്കം. സ്വകാര്യ ഏജന്‍സിയെ ഏല്‍പിച്ച വീട്ടുസാധനങ്ങള്‍ നീക്കുന്നതിന് എഐടിയുസി തൊഴിലാളികളാണ് നോക്കുകൂലി ആവശ്യപ്പെട്ടത്. ലേബര്‍ കമ്മിഷണറും പൊലീസും മാധ്യമങ്ങളും ഇടപെട്ടതോടെ തൊഴിലാളികള്‍ സ്ഥലംകാലിയാക്കി.കടപ്പാക്കടയിലെ ഒരു ഫ്ലാറ്റില്‍ നിന്ന് വീട്ടുസാധനങ്ങള്‍ നീക്കുന്നതിന് സ്വകാര്യ ഏജന്‍സിയിലെ തൊഴിലാളികള്‍ രാവിലെ തന്നെ എത്തിയിരുന്നു. തൊട്ടുപിന്നാലെ സ്ഥലത്തെ എഐടിയുസിയില്‍പെട്ട തൊഴിലാളികളും വന്നു. വീട്ടുസാധനങ്ങള്‍ നീക്കണമെങ്കില്‍ ക്ഷേമനിധിയിലേക്ക് അടയ്ക്കാന്‍ പണം തരണമെന്നായിരുന്നു ഭരണകക്ഷയില്‍പെട്ട തെഴിലാളി യൂണിയന്റെ ആവശ്യം. 

ഒടുവില്‍ പൊലീസെത്തി. ലേബര്‍ കമ്മിഷണറെ ഫോണില്‍ ബന്ധപെട്ടു. പിന്നാലെ മാധ്യമങ്ങളും എത്തിയതോടെ തൊഴിലാളികള്‍ സ്ഥലം വിട്ടു. സ്വകാര്യ ഏജന്‍സിയിലെ തൊഴിലാളികള്‍ തന്നെ ഉച്ചയോടെ വീട്ടു സാധനങ്ങള്‍ ലോറിയില്‍ കയറ്റി. നോക്കുകൂലി നിയമം മൂലം നിരോധിച്ചുകൊണ്ട് കഴിഞ്ഞ മെയ് ഒന്നിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു..