ആര്‍എസ്എസ്-സിപിഎം സംഘർഷം: ചിറക്കടവിൽ നിരോധനാജ്ഞ

തുടര്‍ച്ചയായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ കോട്ടയം ചിറക്കടവ് പഞ്ചായത്തില്‍ ജില്ലാ കലക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊലീസിന്‍റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് പതിനാല് ദിവസത്തേക്കുള്ള നിരോധനാജ്ഞ. ആര്‍എസ് എസ്, സിപിഎം സംഘര്‍ഷത്തെ തുടര്‍ന്ന്  ഒരാഴ്ചയ്ക്കിടെ മൂന്ന് പേര്‍ക്കാണ് വെട്ടേറ്റത്.  

ചിറക്കടവില്‍ സിപിഎം, ആര്‍ എസ്എസ് പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘട്ടനങ്ങള്‍ പതിവാണ്. സംഘര്‍ഷം തുടര്‍ക്കഥയായതോടെ സമാധാന ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിച്ചു. എന്നാല്‍ മെയ് മാസം മുതല്‍ നിസാര കാരണങ്ങളെ ചൊല്ലിയുള്ള വാക്ക് തര്‍ക്കം അക്രമത്തിലേക്ക് വഴിമാറി. ഇതിന്‍റെ തുടര്‍ച്ചയായാണ് കഴിഞ്ഞ ആഴ്ച അയല്‍വാസികള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. ആര്‍ എസ്എസ് പ്രവര്‍ത്തകരായ മൂന്ന് പേര്‍ക്കാണ് വെട്ടേറ്റത്. ഇതിന്‍റെ തുടര്‍ച്ചയായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചിറക്കടവ് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 

അക്രമണം നടന്ന കൊട്ടാടി കുന്നില്‍ പൊന്‍കുന്നം എസ്.ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ക്യാംപ് ചെയ്യുകയാണ്. ഇത് കൂടാതെ എആര്‍ ക്യാംപില്‍ നിന്ന് കൂടുതല്‍ പൊലീസുകാരെയും സുരക്ഷയ്ക്കായി സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. രാത്രികാല റോന്തും പൊലീസ് ശക്തമാക്കി. അക്രമ സാധ്യത നിലനില്‍ക്കുന്നതിനാല്‍ മേഖലയിലെ വ്യാപാര സ്ഥാപനങ്ങള്‍ എട്ട് മണിക്ക് ശേഷം തുറന്ന് പ്രവര്‍ത്തിക്കരുതെന്നാണ് പൊലീസിന്‍റെ നിര്‍ദേശം. പഞ്ചായത്തിൽ രാഷ്ട്രീയ സംഘർഷങ്ങൾ പതിവാണെങ്കിലും നിരോധനാജ്ഞ പ്രഖ്യാപിക്കുന്നത് ഇതാദ്യമാണ്