കരമന–കളിയിക്കാവിള റോഡിന്റെ രണ്ടാം റീച്ച് ടെന്‍ഡര്‍ ചെയ്തു

തിരുവനന്തപുരം  കരമന–കളിയിക്കാവിള റോഡിന്റെ രണ്ടാം റീച്ച് ടെന്‍ഡര്‍ ചെയ്തു. 115.50 കോടിരൂപ ചെലവുവരുന്ന രണ്ടാം റീച്ചിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയതിന് ശേഷമാണ് ടെന്‍ഡര്‍ നടപടിയിലേക്ക് കടന്നത്. പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയാണ് രണ്ടാമത്തെ റീച്ച്.

കിഫ്ബി ധനസഹായത്തോടെയാണ് കരമന–കളിയിക്കാവിള റോഡിന്റെ ആദ്യഘട്ടത്തിലെ പ്രാവച്ചമ്പലം മുതല്‍ ബാലരാമപുരം വരെയുള്ള രണ്ടാമത്തെ റീച്ച് നിര്‍മിക്കുന്നത്. ഈ ഭാഗത്തെ ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട കേസുകള്‍ തീര്‍പ്പാക്കാന്‍ ആവശ്യമായ നടപടിയെടുത്തെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. 93 ശതമാനത്തിലധികം ഭൂമി ലഭ്യമായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ഭൂമിയേറ്റെടുക്കുന്നതിന് ഇതുവരെ 266 കോടിരൂപ ജില്ലാ കലക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. ബാലരാമപുരം മുതല്‍ വഴിമുക്ക് വരെയുള്ള ഒന്നരകിലോമീറ്റര്‍ സ്ഥലം ഏറ്റെടുക്കാന്‍ 98.1കോടിരൂപയ്ക്ക് ഭരണാനുമതി നല്‍കി. ഈ ഫണ്ട് ഉടന്‍ കൈമാറും. 

വഴിമുക്ക് മുതല്‍ കളിയിക്കാവിള വരെയുള്ള കരട് അലൈന്‍മെന്റിന്‍മേല്‍ പൊതുജനത്തിന്റെ അഭിപ്രായം കൂടി പരിഗണിച്ച് ഭേദഗതികള്‍ വരുത്തും. ഇതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും മന്ത്രി പറഞ്ഞു. ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം കരമന–കളിയിക്കാവിള റോഡ് വികസനം വഴിമുട്ടിയെന്ന ആക്ഷേപം ശക്തമാണ്. ഈ സാഹചര്യത്തിലാണ് രണ്ടാമത്തെ റീച്ചിന്റെ ടെന്‍ഡര്‍ നടപടിയിലേക്ക് പൊതുമരാമത്ത് വകുപ്പ് കടന്നിരിക്കുന്നത്.