വിലകുറഞ്ഞതോടെ ചീരകൃഷി പ്രതിസന്ധിയിൽ

കൂടുതൽ വിളവ് കിട്ടിയെങ്കിലും ചീരകൃഷിയിൽ കർഷകർക്ക് നഷ്ടത്തിന്റെ കണക്ക്. വിപണിയിൽ വിലകുറഞ്ഞതോടെ പത്തനംതിട്ട അടൂരിൽ വിളവെടുക്കാതെ ചീര കൃഷി കർഷകർ ഉപേക്ഷിക്കുകയാണ്.

ഒരു കിലോ ചീര പൊതുവിപണികളിൽ 40 രൂപയ്ക്ക് വിറ്റഴിക്കുമ്പോൾ കർഷകർക്ക് ലഭിക്കുന്നത് 16 മുതൽ 20 രുപ വരെ മാത്രം. ഒരു പിടി ചീര നേരിട്ട് വഴിവക്കിൽ വിറ്റാൽ 25 മുതൽ 30 രുപ വരെ ലഭിക്കും. വിപണികളിൽ ന്യായമായ വില ലഭിക്കാതെ വന്നതോടെ  കർഷകർക്ക് വലിയ നഷ്ടം നേരിട്ടു. മഴ തുടങ്ങിയതോടെ ഇലകളിൽ പുള്ളി വീണതിനെ തുടർന്ന് ചീരച്ചടികൾ ഉപയോഗശൂന്യമാവുകയും ചെയ്തു. അടുത്ത കൃഷിയിറക്കാൻ സമയമായതിനാൽ ചീരച്ചെടികൾ പിഴുതു നശിപ്പിക്കുകയാണിപ്പോൾ

കൂട്ടമായും ഇടവിളയായും കുറഞ്ഞ പരിപാലന ചിലവിൽ കൃഷി ചെയ്യാമെന്നിരിക്കെ മിക്കയിടത്തും ചീരകൃഷി സുലഭവുമാണ്. കടമ്പനാട് പഞ്ചായത്തിലെ തുവയൂർ പുലിപ്പാറ ഏലായിൽ 25 സെന്റിലെ ചീര കൃഷിയാണ് വിൽക്കാനാവാതെ കൃഷിയിടത്തിൽ നിന്നും പിഴുതു നശിപ്പിക്കേണ്ടി വന്നത്. കടകളിൽ വടക്കൻ ജില്ലകളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും ചീര എത്തുന്നതും വിലയിടിവിനു കാരണമാകുന്നുണ്ട്.