നെടുമുടിയിലെ കടത്തുതോണി സർവീസ് പുനരാരംഭിച്ചു

ആലപ്പുഴ നെടുമുടി പഞ്ചായത്തിലെ കടത്തുതോണി സര്‍വീസ് പുനരാരംഭിച്ചു. രണ്ടു പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സര്‍വീസ് നിര്‍ത്തിയതോടെ യാത്രക്കാര്‍ ദുരിതത്തിലായെന്ന മനോരമ ന്യൂസ് നാട്ടുവാര്‍ത്തയെ തുടര്‍ന്നാണ് സര്‍വീസ് പുനരാരംഭിച്ചത്. വാര്‍ഷിക ലേലം പൂര്‍ത്തിയാവുന്നതുവരെ  താല്‍കാലിക സര്‍വീസ് തുടരാനാണ് ഗ്രാമപഞ്ചായത്തിന്റെ തീരുമാനം

മാര്‍ച്ച് 31 ന് കരാര്‍ കാലാവധി പൂര്‍ത്തിയാവുകയും പുതിയലേലം മുടങ്ങുകയും ചെയ്തതോടെയാണ് പഞ്ചായത്തുവക കടത്ത് സര്‍വീസ് നിര്‍ത്തിയത്. നെടുമുടി പഞ്ചായത്തിലെ മൂന്നാംവാര്‍ഡില്‍നിന്ന് കൈനകരി പഞ്ചായത്തിലെ ഏഴാംവാര്‍ഡിലേക്കുളള കടവില്‍ ഇതോെട യാത്ര ദുരിതത്തിലായി. നാട്ടുവാര്‍ത്ത ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തതോടെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ഇടപെട്ടാണ് താല്‍കാലിക സര്‍വീസിന് നടപടിയെടുത്തത്.  

ഈസ്റ്റര്‍ ദിനത്തില്‍ സ്വന്തം നിലയില്‍ യാത്രക്കാരെ മറുകരയെത്തിച്ച പ്രവീണ്‍ തോമസിനെയാണ് പഞ്ചായത്ത് ചുമതല ഏല്‍പ്പിച്ചത്. 15 ദിവസത്തിനുള്ളില്‍ പുതിയ ലേലനടപടികള്‍ പൂര്‍ത്തിയാക്കി കടത്ത് മാറ്റിഏല്‍പ്പിക്കും. അതുവരെ താല്‍കാലിക സര്‍വീസ് നടത്തും. സാമ്പത്തികമായി നഷ്ടം വന്നാല്‍ ഗ്രാമപഞ്ചായത്ത് നല്‍കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.