ബേപ്പൂര്‍ തീരത്ത് പാറക്കല്ലില്‍ ഇടിച്ച് ബോട്ട് തകർന്നു; 5 മൽസ്യതൊഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട് ബേപ്പൂര്‍ തീരത്ത് പാറക്കല്ലില്‍ ഇടിച്ച് മല്‍സ്യ ബന്ധനബോട്ട് തകര്‍ന്നു. അഞ്ച് മല്‍സ്യതൊഴിലാളികളെ രക്ഷപ്പെടുത്തി. ബോട്ട് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കണമെന്ന് ബോട്ട് ഓണേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

ബേപ്പൂര്‍ തീരത്ത് നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെ കടലിലാണ് ബോട്ട് പാറക്കല്ലില്‍ ഇടിച്ച് തകര്‍ന്നത്. പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പിന്നീട് മുന്നോട്ട് പോകാനായില്ല. കാറ്റിന്‍റെ ദിശയ്ക്കനുസരിച്ച് ഒഴുകി ചാലിയത്തിനടുത്തെത്തിയെങ്കിലും ബോട്ട് തകര്‍ന്നതിനാല്‍ വെള്ളം കയറി മുങ്ങാന്‍ തുടങ്ങി. ബോട്ട് കരയ്ക്കെത്തിക്കാവുന്ന സ്ഥിതിയിലുമല്ല. 

15 ലക്ഷം രൂപയുെട നഷ്ടം കണക്കാക്കുന്നു. ബോട്ടിന് ഇന്‍ഷൂറന്‍സ് ഇല്ലാത്തതിനാല്‍ ഉടമയ്ക്ക് വന്‍തുക നഷ്ടമാകും. ഒപ്പം പത്തിരുപത് ജീവനക്കാരുെട ഉപജീവനവും മുട്ടും. ഇനി സര്‍ക്കാരിന്റെ കനിവിലാണ് ഇവരുടെ പ്രതീക്ഷ.