ഇതരസംസ്ഥാനക്കാരായ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നില്ലെന്ന് പരാതി

ആലപ്പുഴ പൊട്ടക്കുളത്ത് ഇതരസംസ്ഥാനക്കാരായ തൊഴിലാളികളെ ശമ്പളം നല്‍കാതെ പീഡിപ്പിക്കുന്നതായി പരാതി. ദിവസവേതനക്കാരായ ഇരുപത്തിയെട്ടുപേര്‍ക്ക് ശമ്പളം നല്‍കിയില്ലെന്നു കാണിച്ച് തൊഴിലാളികള്‍ ചെങ്ങന്നൂര്‍ ലേബര്‍ ഓഫിസര്‍ക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്ന് സ്ഥാപന ഉടമയ്ക്ക് ലേബര്‍ ഓഫിസര്‍ നോട്ടീസ് നല്‍കി.

ചെങ്ങന്നൂരിന് സമീപം പൊട്ടക്കുളത്തുള്ള തറയോട് നിര്‍മാണശാലയിലെ തൊഴിലാളികളാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ബീഹാറികളും, ബംഗാളികളും ഉള്‍പ്പെടുന്ന ഇരുപത്തിയെട്ടുപേര്‍ക്ക് മൂന്നാഴ്ചയായി ശമ്പളം നല്‍‍കിയിട്ടില്ല. സ്ഥാപനമുടമയോട് ചോദിച്ചെങ്കിലും ഭീഷണിപ്പെടുത്തുകയാണ് ചെയ്തതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

കുടിശികയുള്ള കൂലി കിട്ടിയാല്‍ നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ് ഇവരില്‍ മിക്കവരും. ഭക്ഷണത്തിനുപോലും നാട്ടുകാരാണ് ഇപ്പോള്‍ പണം നല്‍കുന്നത്. സമാനമായ സാഹചര്യം മുന്‍പും ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനം നിലവില്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. അതേസമയം സ്ഥാപനത്തിനെതിരെ നടക്കുന്ന ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്ന് സ്ഥാപനയുടമ പ്രതികരിച്ചു.