പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി എത്തുന്നവർ വലയുന്നു

പൊലീസ്  ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റേഷന് വേണ്ടി സെക്രട്ടറിയേറ്റിലെത്തുന്നവര്‍ വലയുന്നു. രണ്ടും മൂന്നും ദിവസം കാത്ത് നിന്നാണ് വിവിധ ജില്ലകളില്‍ നിന്നെത്തുന്നവര്‍ സര്‍ട്ടിഫിക്കറ്റ് നേടിയെടുക്കുന്നത്.  അപേക്ഷകള്‍ പരിശോധിക്കാന്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് ദുരിതത്തിന് കാരണം. 

നാലാം തീയതി മുതലാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് തൊഴില്‍ തേടി പോകുന്നവര്‍ക്ക് പൊലീസ് ക്ളീയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. പൊലീസ് സ്റ്റേഷനില്‍ നിന്ന് കിട്ടുന്ന സര്‍ട്ടിഫിക്കറ്റ് സെക്രട്ടറിയേറ്റിലെ ആഭ്യന്തരവകുപ്പ് ഓഫീസിലെത്തി അറസ്റ്റ് ചെയ്യിപ്പിച്ചാല്‍ മാത്രമേ യു.എ.ഇ കോണ്‍സുലേറ്റ് അംഗീകരിക്കു. ഇതോടെ ദിവസവും അഞ്ഞൂറിലേറെ അപേക്ഷകരാണെത്തുന്നത്. എന്നാല്‍ ഇവരുടെയെല്ലാം അപേക്ഷ പരിശോധിക്കാന്‍ ആകെയുള്ളത് അഞ്ച് ജീവനക്കാര്‍ മാത്രം. പൊരിവെയിലത്ത് വേണം കാത്തിരിക്കാന്‍.

സര്‍ട്ടിഫിക്കറ്റ് കിട്ടുന്നത് വൈകുന്നതോടെ ദൂരസ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ ദിവസങ്ങളോളം തിരുവനന്തപുരത്ത് താമസിക്കേണ്ടിവരുന്നു. ഇങ്ങിനെ വൈകിയാല്‍ വിദേശത്തേക്ക് പോകേണ്ട ദിവസം കഴിയുമെന്നും ആശങ്കയുണ്ട്.