ജനങ്ങളെ കമ്പളിപ്പിച്ച് റോഡ് നവീകരണം

കൊല്ലം കൊട്ടാരക്കരയില്‍ പൊതുമരാമത്ത് വകുപ്പിന്‍റെ റോ‍ഡ് നവീകരണത്തില്‍ അപാകത. നന്നാക്കിയ റോഡില്‍ നാല് ദിവസത്തിനുള്ളിൽ തന്നെ ടാറിങ് ഇളകിത്തുടങ്ങി. ജനങ്ങളെ കബളിപ്പിച്ച റോഡ് നിര്‍മാണത്തിനെതിരേ പ്രതിഷേധം ശക്തമാവുകയാണ്.

എം.സി റോഡിനേ പൂവറ്റൂര്‍ റോഡുമായി ബന്ധിപ്പിക്കുന്ന ഇഞ്ചക്കാട് –പ്ലാമൂട് റോഡിലാണ് പൊതുമരാമത്ത് വകുപ്പിന്റെ തട്ടിക്കൂട്ട് അറ്റകുറ്റപണി. ടാറിങ് ഇളകി കുണ്ടും കുഴിയുമായ റോഡ് സഞ്ചാര യോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായിരുന്നു.ജനങ്ങളുടെ പരാതിക്കൊടുവില്‍ 10 ലക്ഷം രൂപയ്ക്കാണ് അറ്റകുറ്റപ്പണി നടത്തിയത്. അരകിലോമീറ്റര്‍ പണി കഴിഞ്ഞപ്പോള്‍ തന്നെ ടാറിങ് ഇളകി തുടങ്ങി.നാട്ടുകാര്‍ നിര്‍മാണത്തിലെ അപാകത ചൂണ്ടിക്കാട്ടിയതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം വിട്ടു. ഇതിനിടെ ടാറിങ് ഉപകരണങ്ങള്‍ ഇവിടെ നിന്ന് കടത്തിക്കൊണ്ടു പോകാനും ശ്രമമുണ്ടായി.

ടാറിങ് നടത്തേണ്ടിരുന്ന അസംസ്കൃത വസ്തുക്കള്‍ കരാറുകാര്‍ മാറ്റിയതായും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.  അശാസ്ത്രീയമായ നിര്‍മാണത്തിന് എതിരെ  പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും  മന്ത്രിക്കും പ്രദേശവാസികള്‍ പരാതി നല്‍കി. റോഡ് പൂര്‍ണമായും ഗുണനിലവാരം ഉറപ്പുവരുത്തി ടാറിങ് നടത്തണമെന്ന നിലപാടിലാണ് നാട്ടുകാര്‍