ഒ.എൻ.വിയ്ക്ക് തലസ്ഥാനത്തിൻറെ ആദരം

സ്വന്തം പാട്ടുകള്‍ തനിമയോടെ അവതരിപ്പിച്ച് ഒ.എന്‍.വി കുറുപ്പിന് തലസ്ഥാനത്തിന്റെ ആദരം. ഒ.എന്‍.വി കുറുപ്പിന്റെ രണ്ടാംചരമവാര്‍ഷികത്തോടനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ നാടകഗാനങ്ങള്‍ പഴയ വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ പുനരാവിഷ്കരിച്ചത്. 

നാടുമുഴുവന്‍ ഏറ്റുപാടിയ ആ പാട്ട് അതേ പഴമയോടെ പാടി ഗായകന്‍ ശ്രീറാം തുടങ്ങി. കല്ലറഗോപന്റെ സ്വരവും ഹാര്‍മോണിയം , മാന്‍ഡൊലിന്‍, തുടി, ക്ലാര്‍നെറ്റ് തുടങ്ങിയവയയുടെ നാദവും ആസ്വാദകരെ പഴകാലത്തേയ്ക്ക് തിരികെ നടത്തിച്ചു

തലമുറകളുടെ ആ ഉറക്കുപാട്ടുമായാണ് ഒ.എന്‍.വി കുറുപ്പിന്റെ ചെറുമകള്‍  അപര്‍ണ എത്തിയത്. ഒ.എന്‍.വി– ദേവരാജന്‍ യുഗത്തിന്റെ മാമ്പഴമധുരവുമായി ഒ.എന്‍.വിയുടെ മകന്‍ രാജീവും വേദിയിലെത്തി നേരത്തെ അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഒ.എന്‍.വിയുടെ തിരഞ്ഞെടുത്ത 65 കവിതകളുടെ ഇംഗ്ലീഷ് പരിഭാഷയും അദ്ദേഹം പ്രകാശനം ചെയ്തു. കെ. ജയകുമാറാണ് വിവര്‍ത്തകന്‍. കവി വി. മധുസൂദനന്‍ നായരുടേതായിരുന്നു അനുസ്മരണ പ്രഭാഷണം.