കവയത്രി സുഗതകുമാരിക്ക് പിറന്നാള്‍ ആശംസയുമായി കുട്ടികള്‍‌

ശതാഭിഷേക നിറവില്‍ എത്തിയ കവയത്രി സുഗതകുമാരിക്ക് പിറന്നാള്‍ ആശംസയുമായി കുട്ടികള്‍. സുഗതകുമാരിക്കവിതകള്‍ ചൊല്ലി കാവ്യാര്‍ച്ചന നടത്തിയാണ് പ്രിയ കവയത്രിയെ ആദരിച്ചത്. തിരുവനന്തപുരത്തെ കുട്ടികളുടെ കൂട്ടായ്മയായ കാവ്യകേളിയാണ് വേദിയൊരുക്കിയത്. 

പ്രിയ കവയത്രിക്ക് മുന്നില്‍ രാത്രിമഴ പെയ്തിറങ്ങി. സുഗതകുമാരിയുടെ തൂലികയില്‍ പിറന്ന ആനയും കണ്ണന്റെ അമ്മയും, നല്ല നാളേക്ക് വേണ്ടിയുമെല്ലാം കുരുന്നുകള്‍ ചേര്‍ന്ന് നിന്ന് പാടി. ടീച്ചര്‍ ആ സ്നേഹമഴയില്‍ നനഞ്ഞിരുന്നു. പിന്നെ കാവ്യ- മധുരമുള്ള ചുംബനങ്ങളും അനുഗ്രഹങ്ങളും ചൊരിഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട പതിമൂന്ന് കുട്ടികളാണ് കാവ്യാര്‍ച്ചനയ്ക്കെത്തിയത്. കഴിഞ്ഞ 84 വര്‍ഷങ്ങള്‍ പിന്നിട്ട വഴികള്‍ ഒാര്‍ത്തെടുത്ത ടീച്ചര്‍ തുണച്ചവര്‍ക്കെല്ലാം നന്ദിചൊല്ലി. 

പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധം കവിതകളിലൂടെയും പോരാട്ടങ്ങളിലൂടെയും വിളിച്ചുപറ‍ഞ്ഞ സുഗതകുമാരിക്ക് കവി കാവാലം ശ്രീകുമാറും കാവ്യാഭിവാദ്യമര്‍പ്പിച്ചു. 

പുതു തലമുറക്ക് ആശംസകളും മധുരവും വിളമ്പി മാതൃവാല്‍സല്യത്തോടെ കവയത്രി കുട്ടികളെ യാത്രയാക്കി.