ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ ഭൗതികശരീരം കബറടക്കി

മലങ്കര കത്തോലിക്ക സഭയുടെ കർണാടകയിലെ പുത്തൂർ രൂപതയുടെ പ്രഥമ മെത്രാപ്പൊലീത്ത ഗീവർഗീസ് മാർ ദിവന്നാസിയോസിന്റെ ഭൗതികശരീരം കബറടക്കി. തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രലിലായിരുന്നു സംസ്കാര ചടങ്ങുകൾ. 

മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവയുടെ കാർമികത്വത്തിൽ ഉച്ചയ്ക്ക് രണ്ടു മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിച്ചു. സഭയിലെ മെത്രാപ്പൊലീത്തമാർ സഹകാർമികരായി. 

നാലുമണിയോടെ നഗരികാണിക്കൽ ചടങ്ങ് ആരംഭിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ദേവാലയത്തിന് വലംവച്ച് നഗരികാണിക്കൽ അവസാനിപ്പിച്ചു. തുടർന്ന് ദേവാലയത്തിന് പിന്നിലായുള്ള പ്രത്യേക സ്ഥാനത്ത് ഭൗതികശരീരം കബറടക്കി. 

വിവിധ സഭകളുടെ അധ്യക്ഷൻമാരും സാമൂഹിക-സാംസ്കാരിക നേതാക്കളും അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ബഹുഭാഷാ വിദഗ്ദ്ധനും സംഗീതജ്ഞനുമായിരുന്ന ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പൊലീത്ത ചൊവ്വാഴ്ചയാണ് കാലം ചെയ്തത്.