മുരളീധരന് സഹായഹസ്തവുമായി വിദ്യാര്‍ഥികള്‍

കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ കിട്ടാതെ ദുരിതം അനുഭവിക്കുന്ന കാന്‍സര്‍രോഗിയായ തിരുവനന്തപുരം ആനയറ സ്വദേശി മുരളീധരന് സഹായഹസ്തവുമായി വിദ്യാര്‍ഥികള്‍. ക്രൈസ്റ്റ് നഗര്‍ സ്കൂളിലെ നല്ലപാഠം കുട്ടികള്‍ സ്വന്തമായി സ്വരൂപിച്ച പതിനായിരം രൂപ മുരളീധരന് കൈമാറി. മുരളീധരന്റ ദുരിതാവസ്ഥ മനോരമ ന്യൂസ് കഴിഞ്ഞദിവസം സംപ്രേക്ഷണം ചെയ്തിരുന്നു.

മരുന്നുപോലും വാങ്ങാന്‍ കഴിയാതെ നിസഹായവസ്ഥയിലായ മുരളീധരന്റ അവസ്ഥ മനോരമ ന്യൂസിലൂടെ കണ്ട കുട്ടികള്‍ തന്നെയാണ് സഹായഹസ്തവുമായി മുന്നിട്ടിറങ്ങിയത്. വീട്ടില്‍ കുടുക്കയില്‍ സൂക്ഷിച്ചിരുന്ന നാണയത്തുട്ടുകള്‍ ഒരോരുത്തരും കൊണ്ടുവന്നതോടെ മുരളീധരന് മരുന്നുവാങ്ങിക്കാനുള്ള പണമായി. ആനയറയിലെ വീട്ടിലെത്തി കുട്ടികള്‍ തന്നെ തുക മുരളീധരന് കൈമാറി.

ഏത് ആവശ്യത്തിലും ഇനിയും കൂടെയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയാണ് അധ്യാപകരും കുട്ടികളും പിരിഞ്ഞത്. അര്‍ബുദത്തിന് പുറമെ ഹൃദ്രോഗവും അലട്ടുന്ന മുരളീധരന് അഞ്ചുമാസത്തെ പെന്‍ഷനാണ് കുടിശികയുള്ളത്.