ദർശനപുണ്യമായി മകരജ്യോതി തെളിഞ്ഞു, ഭക്തിലഹരിയിൽ സന്നിധാനം

ഭക്തലക്ഷങ്ങളുടെ കണ്ണിൽ വെളിച്ചവും മനസിൽ പ്രകാശവുമായി മകരവിളക്ക്. പൊന്നമ്പലമേടിന്റെ ആകാശത്ത് മിന്നിത്തെളിഞ്ഞ മകരജ്യോതിയും മലമടക്കിൽ ജ്വലിച്ചുയർന്ന വിളക്കും ഉള്ളിലേറ്റി അവർ മലയിറങ്ങി. ഇതോടെ രണ്ടുമാസം നീണ്ട ശബരിമല തീർഥാടനത്തിന് സമാപനമായി. 

സർവാഭരണങ്ങളും ചാർത്തിയ അയ്യപ്പന് ദീപാരാധന കഴിഞ്ഞയുടൻ പൊന്നമ്പലമേട് പ്രകാശമാനമായി. മിന്നിത്തെളിഞ്ഞ നക്ഷത്രം മലയുടെ അതിരുകൾ കാട്ടി. നിമിഷങ്ങൾക്കകം ഏകാഗ്ര നേത്രങ്ങൾക്ക് വെളിച്ചമായി മലയിൽ ദീപജ്വാല മൂന്നുവട്ടം. 

ആചാരങ്ങൾ അണുവിട പോലും തെറ്റിക്കാതെ പന്തളം കൊട്ടാരത്തിൽ നിന്നു വന്ന തിരുവാഭരണ ഘോഷയാത്രയ്ക്ക് നേരത്തേ ഭക്ത്യാദരങ്ങളോടെ സ്വീകരണമേകി. അങ്ങനെ മണ്ഡല മകരവിളക്ക് തീർഥാടനകാലത്തിന് ശുഭമായ അവസാനം.ശബരിമല നട 20 ന് അടയ്ക്കുന്നതോടെ കാനനവാസൻ വീണ്ടും യോഗനിദ്രയിൽ ലയിക്കും.