തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു

മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനുള്ള ആഭരണങ്ങളുമായുള്ള തിരുവാഭരണ ഘോഷയാത്ര പന്തളം വലിയകോയിക്കല്‍ ധര്‍മശാസ്താക്ഷേത്രത്തില്‍ നിന്ന് പുറപ്പെട്ടു. ആഭരണപ്പെട്ടികള്‍ ശിരസിലേറ്റി ഗുരുസ്വമി കുളത്തിനാലില്‍ ഗംഗാധരപിള്ളയും സംഘവും ശബരിമലയിലേക്ക് ഉച്ചക്കാണ് തിരിച്ചത്. പന്തളം വലിയതമ്പുരാന്‍ പി. രാമവര്‍മരാജയുടെ പ്രതിനിധിയായി പി.രാജരാജ വര്‍മയാണ് ഇത്തവണ ഘോഷയാത്രയെ നയിക്കുന്നത്. 

പലര്‍ച്ചെ നാലരയ്ക്ക് കൊട്ടാരത്തില്‍ നിന്ന് ആഭരണങ്ങള്‍ ക്ഷേത്രത്തിലേക്കുമാറ്റുന്ന ചടങ്ങ് ആരംഭിച്ചു. വലിയതമ്പുരാനും രാജപ്രതിനിധിയും ഘോഷയാത്രാസംഘത്തെ ഭസ്മംനല്‍കി അനുഗ്രഹിച്ചു. മേല്‍ശാന്തി ശ്രീകോവിലില്‍ പൂജിച്ച ഉടവാള്‍ തമ്പുരാന്‍ഏറ്റുവാങ്ങി രാജ പ്രതിനിധിക്ക് കൈമാറി. തുടര്‍ന്ന് രാജപ്രതിനിധി ക്ഷേത്രത്തിനുപുറത്തിറങ്ങി പല്ലക്കിലേറി യാത്ര തിരിച്ചു. ആദ്യദിവസം അയിരൂര്‍ പുതിയകാവ് ദേവിക്ഷേത്രത്തില്‍ വിശ്രമിക്കുന്ന സംഘം രണ്ടാംദിവസം വടശേരിക്കര, പെരുനാട് വഴി ളാഹ വനംവകുപ്പ് സത്രത്തിലെത്തി വിശ്രമിക്കും. മൂന്നാംദിവസം കാനനപാതിയിലൂടെ യാത്രചെയ്യുന്ന സംഘംവലിയനാവട്ടവും, ചെറിയനാവട്ടവും കടന്ന് പമ്പവഴി സന്നിധാനത്തേക്ക് നീങ്ങും. തിരുവാഭരണദര്‍ശനത്തിന് നിരവധിഭക്തര്‍ എത്തിയിരുന്നു.