ഉരുള്‍പൊട്ടലില്‍ സര്‍വതും ഒലിച്ചുപോയ വയനാട്ടിലെ ചൂരല്‍മലയില്‍ പുതിയപാലം വരുന്നു. 34 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സൈന്യം നിര്‍മിച്ച ബെയ്‌ലി പാലത്തിന് സമാന്തരമായാണ് പുതിയത് ഉയരുന്നത്. 267.95 മീറ്റര്‍ നീളം. പുഴയിൽ 107 മീറ്ററും ഇരുകരകളിലുമായി 80 മീറ്റർ വീതവും. പുഴയില്‍ തൂണുകളുണ്ടാകില്ല.
പകരം ഗര്‍ഡറുകള്‍ പരസ്പരം യോജിപ്പിച്ചുള്ള ബോസ്ട്രിങ് മാതൃകയിലായിരിക്കും നിര്‍മാണം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമ്മാണ ചുമതല. പൈലിങ് ജോലികൾ തുടങ്ങിക്കഴിഞ്ഞു. ചൂരൽമല ടൗണിൽ നിന്ന് ആരംഭിച്ച് മറുകരയിലെ മുണ്ടക്കൈ, അട്ടമല റോഡുകൾ കൂടിച്ചേരുന്നിടത്താണ് പാലം അവസാനിക്കുക.
ഉരുൾപൊട്ടിയ വേളയിൽ പുഴയിലുയർന്ന പരമാവധി ജലനിരപ്പിനേക്കാൾ ഉയരത്തിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാലം ചേരുന്നിടത്തുനിന്ന് അട്ടമലയിലേക്കുള്ള റോഡിന്റ നവീകരണം ഒന്‍പത് കോടി രൂപ ചെലവില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. ബെയ്‌ലി പാലത്തിൽ നിന്ന് കോണ്‍ക്രീറ്റ് പാലത്തിലേക്കുള്ള ദൂരം ഒരു നാടിന്റെ വീണ്ടെടുപ്പ് കൂടിയാണ്.