പാരമ്പര്യ നെൽവിത്തിനങ്ങളുടെ സംരക്ഷകനും പത്മശ്രീ ജേതാവുമായ ചെറുവയൽ രാമൻ അന്തരിച്ചു. കേരളത്തിന്റെ കാർഷിക രംഗത്തിന് കനത്ത നഷ്ടം. ചെറുവയൽ കുറിച്യത്തറവാട്ടിലെ കേളപ്പന്റെയും തേയിയുടെയും മകനായി 1952 ലാണു ജനനം. പ്രതികൂല സാഹചര്യങ്ങൾ ഉയർന്ന വിദ്യാഭ്യാസത്തിനു തടസ്സമായെങ്കിലും ജീവിതാനുഭവങ്ങളിലൂടെ വലിയ അറിവുകൾ സ്വന്തമാക്കി.
പരിസ്ഥിതിയുടെയും നെൽക്കൃഷിയുടെയുമെല്ലാം പ്രാധാന്യം തിരിച്ചറിഞ്ഞ രാമൻ ബ്രസീലിലെ ലോക കാർഷിക സെമിനാറിലടക്കം ഇന്ത്യയുടെ ശബ്ദമായി. കുന്നുംകുളമ്പൻ, പെരുവക, കുങ്കുമശാലി, കുത്തിച്ചീര, കുഞ്ഞുഞ്ഞി, ഓണമൊട്ടൻ, ഓണച്ചണ്ണ, വെള്ളിമുത്ത്, കനകം, ചെമ്പകം തുടങ്ങിയ വിത്തുകളുടെ സംരക്ഷകനുമാണു രാമൻ.
പരമ്പരാഗത നെൽവിത്തുകൾ അതിന്റെ തനിമപോകാതെ സൂക്ഷിക്കുകയും അതു മറ്റുള്ളവർക്കു സൗജന്യമായി കൊടുക്കുകയും ചെയ്യുന്ന നിശ്ശബ്ദ സേവനമായിരുന്നു രാമൻ നടത്തിരുന്നത്. അന്തകവിത്തുകൾക്കിടയിലും ചാണകവും ചപ്പും ചവറും നൽകി നാട്ടുവിത്തുകൾ കാത്തുപോരുന്ന രാമൻ നെൽകൃഷിയുടെ സംരക്ഷകനും പ്രചാരകനും കൂടിയാരുന്നു. അന്യസംസ്ഥാനത്തു നിന്നുള്ള അരിവണ്ടികളും കാത്തിരിക്കുന്ന മലയാളികൾക്കിടയിൽ ഇങ്ങനെയും ഒരു മനുഷ്യൻ ജീവിച്ചിരുന്നു. നൂറുമേനി വിളയുന്ന, പ്രതിരോധശേഷിയേറെയുള്ള പരമ്പരാഗതമായ 41 നെൽവിത്തിനങ്ങളാണ് ഇദ്ദേഹം കലർപ്പുവരാതെ സൂക്ഷിച്ച് കൃഷിചെയ്തത്.
പത്താംവയസ്സിൽ പാടത്തിറങ്ങിത്തുടങ്ങിയ കുറിച്യസമുദായത്തിൽപെട്ട രാമന് നെൽകൃഷിയിൽ സുവർണജൂബിലി പിന്നിട്ടു. വിത്തുകളുടെ ഈ കാവൽക്കാരനെ തേടി അദ്ദേഹത്തിന്റെ കുടിയിലേക്കു ശാസ്ത്രജ്ഞർ, സന്നദ്ധപ്രവർത്തകർ, കർഷകസംഘടനാ നേതാക്കൾ, കൃഷിക്കാർ തുടങ്ങി ഒട്ടേറെപ്പേർ വന്നുകൊണ്ടിരിന്നു.
പലരും രാമന്റെ പ്രവർത്തനങ്ങൾ പഠിക്കുന്നു, രേഖപ്പെടുതി. നെല്ലും വിത്തും വിതയും കൊയ്ത്തും സംബന്ധിച്ച കാര്യങ്ങൾ കൗതുകത്തോടെ കേട്ടു. പൈതൃകവിത്തുകളുടെ സംരക്ഷകനായാണു രാമനെ എല്ലാവരും കാണുന്നത്. വിവിധപ്രശ്നങ്ങൾക്കിടയിൽ നെൽകൃഷിയുമായി നെൽകർഷകർ ഇങ്ങനെയൊക്കെ കഴിയുന്നതെങ്ങനെ എന്നാണു വള്ളിയൂർകാവിൽ നിന്നു കഷ്ടിച്ചു രണ്ടര കിലോമീറ്റർ അകലെ ചെറുവയലിൽ എത്തുന്നവരുടെ ചോദ്യം. നല്ലമണ്ണും മനസ്സും കൃഷിയും തമ്മിലുള്ള ബന്ധത്തിന്റെ അതിസൂക്ഷ്മമായ കാര്യങ്ങളാണു രാമന്റെ മറുപടി. കാരണം, നെൽകൃഷി ലാഭകരമല്ലെന്നു പറയുന്നതു കൃഷിക്കാരല്ലെന്നാണു രാമന്റെ നിലപാട്. കൃഷിനശിച്ചാൽ, വിളകുറഞ്ഞാൽ കുടുംബം ബുദ്ധിമുട്ടുമെന്ന സ്ഥിതിയിലുള്ളവർക്കേ കൃഷിയുടെ മഹത്വം ശരിക്കുമറിയൂ. തനിക്ക് ഇതുവരെ നെല്ല് നഷ്ടമുണ്ടാക്കിയിട്ടില്ലെന്നു കണക്കുകൾ നിരത്തി അദ്ദേഹം വ്യക്തമാക്കിയിരുന്നു.