കൃഷിനാശത്തിന് നഷ്ടപരിഹാരം കിട്ടാൻ ഓൺലൈൻ അപേക്ഷയ്ക്കൊപ്പം കൃഷിയിടത്തിന്റെ ഫോട്ടോ കൂടി വേണമെന്ന പുതിയ നിബന്ധനയിൽ വലഞ്ഞ് കർഷകർ. കൈയിലൊരു സ്മാർട്ട്ഫോൺ പോലുമില്ലാത്ത മലയോര കർഷകർക്ക് ഫോട്ടോ എടുത്ത് നൽകാൻ കഴിയാത്തതിനാൽ അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് അപേക്ഷ സമർപ്പിക്കാനാവാതെ മടങ്ങേണ്ടി വരുന്നു.
ഒരു ആയുസിന്‍റെ മുഴുവൻ സമ്പാദ്യവും ഒറ്റനിമിഷം കൊണ്ടു മണ്ണടിഞ്ഞ കാഴ്ചകൾ. ഈ നെഞ്ചുപൊട്ടുന്ന വേദനയുമായാണ് സർക്കാരിന്റെ തുച്ഛമായ നഷ്ടപരിഹാരത്തിനായി കർഷകർ ഓഫിസുകൾ തോറും കയറിയിറങ്ങുന്നത്. അവിടെയും കാത്തിരിക്കുന്നത് സാങ്കേതികതയുടെ ഇരുമ്പുമറയാണ്.
ഇ-ഡിസ്ട്രിക്റ്റ് പോർട്ടൽ തുറന്നാൽ ആവശ്യമായ രേഖകളുടെ പട്ടികയിൽ ഏറ്റവും ഒടുവിൽ തെളിയുന്നത് ഈയൊരു നിബന്ധനയാണ് 'ഫോട്ടോസ് ഷോയിംഗ് ഡാമേജസ്'. നേരത്തെ നികുതിച്ചീട്ടും കൈവശാവകാശ രേഖയും ബാങ്ക് പാസ്ബുക്കും മാത്രം സമർപ്പിച്ചിരുന്നിടത്താണ് ജനുവരി മുതൽ പുതിയ കുരുക്ക് വീണത്.
സാങ്കേതിക വിദ്യയുടെ ബാലപാഠങ്ങൾ പോലുമറിയാത്ത സാധാരണക്കാരായ കർഷകർ, തകർന്നടിഞ്ഞ കൃഷിയിടത്തിന്റെ ചിത്രം മൊബൈലിൽ പകർത്തി, അത് ഇ-മെയിലാക്കി അക്ഷയ കേന്ദ്രങ്ങളിലേക്ക് അയക്കണമെന്ന് പറഞ്ഞാൽ എങ്ങനെ സാധ്യമാകും? ഫോട്ടോ ഇല്ലാതെ അപേക്ഷ മുന്നോട്ടുപോകില്ലെന്ന് ജീവനക്കാർ നിലപാടെടുത്തതോടെ തിരുനെല്ലി ഉൾപ്പെടെയുള്ള മലയോര ഗ്രാമങ്ങളിൽ കർഷകർ നിസഹായരാവുകയാണ്
ഓൺലൈൻ ഫോമിൽ ഫോട്ടോ നൽകുന്നത് നിർബന്ധമല്ലെന്നാണ് വനംവകുപ്പിന്റെ വാദം. സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് സാധാരണക്കാരായ കർഷകരുടെ ആവശ്യം.