തൊട്ടടുത്ത് നിറഞ്ഞൊഴുകുന്ന പുഴയുണ്ടായിട്ടും വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങുകയാണ് വയനാട് മാത്തൂർ വയലിലെ പാടശേഖരങ്ങൾ. ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിക്കായി പനമരത്ത് ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച പമ്പ് ഹൗസ് നോക്കുകുത്തിയായതോടെ, പ്രതിസന്ധിയിലായി നെൽക്കർഷകർ.
ദാഹശമനമായി തൊട്ടരികെ പനമരം പുഴ കുളിർവെള്ളവുമായി നിറഞ്ഞൊഴുകുന്നുണ്ട്. എന്നാൽ, ആ പുഴയിലേക്ക് നോക്കി നിസഹായരായി നെഞ്ചുനീറാൻ മാത്രമാണ് മാത്തൂർ വയലിലെ കർഷകരുടെ വിധി. അന്നം വിളയേണ്ട ഏക്കറുകണക്കിന് പാടമാണ് ഇന്ന് ഒരിറ്റ് വെള്ളം കിട്ടാതെ വിണ്ടുണങ്ങി കിടക്കുന്നത്. ഞാറു നട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും വയലിലേക്ക് വെള്ളമെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കർഷകരെ സഹായിക്കാൻ ജലസേചന വകുപ്പ് ലക്ഷങ്ങൾ മുടക്കി ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി വഴി പമ്പ് ഹൗസ് നിർമ്മിച്ചെങ്കിലും കർഷകർക്ക് ഇതിന്‍റെ യാതൊരു പ്രയോജനവും ലഭിച്ചിട്ടില്ല.
വിശാലമായ മാത്തൂർ വയലിലെ പാടശേഖരത്തേക്ക് വെള്ളമെത്തിക്കാൻ ഇവിടെ സ്ഥാപിച്ചിരിക്കുന്നത് വെറും 25 എച്ച്പിയുടെ ഒരു ഒറ്റ മോട്ടോർ മാത്രമാണ്. അല്പനേരം പ്രവർത്തിക്കുമ്പോഴേക്കും ചൂടായി നിലയ്ക്കുന്ന മോട്ടോർ മറ്റൊരു ബാധ്യതയായി മാറി. കുറഞ്ഞത് 50 എച്ച്പിയുടെ രണ്ട് മോട്ടോറുകളെങ്കിലും സ്ഥാപിച്ചാൽ മാത്രമേ ഇവിടേക്ക് ആവശ്യത്തിന് ജലമെത്തിക്കാൻ സാധിക്കൂ.
പമ്പ് ഹൗസിൽ സ്ഥിര ജീവനക്കാരുമില്ല, അധികൃതരുടെ അനാസ്ഥയിൽ ഇല്ലാതാകുന്നത് ഒരു കൂട്ടം മനുഷ്യരുടെ അധ്വാനമാണ്. ഇനിയെങ്കിലും അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ, നാടിന്‍റെ അന്നമൂട്ടുന്ന ഈ കർഷകരുടെ പ്രതീക്ഷകൾ വിണ്ടുകീറിയ മണ്ണിൽ കരിഞ്ഞുചാമ്പലാകും.