pokode-lake

വയനാടിന്‍റെ വിനോദസഞ്ചാര മുഖമുദ്രയായ പൂക്കോട് തടാകം നാശത്തിന്‍റെ വക്കിൽ. രണ്ടരക്കോടി രൂപ ചെലവഴിച്ചിട്ടും തടാകത്തിലെ പായൽ നീക്കാൻ കഴിഞ്ഞിട്ടില്ല. നാടിന്‍റെ അഭിമാനമായ ശുദ്ധജല തടാകം കൺമുന്നിൽ നശിക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.

താമരശ്ശേരി ചുരം കയറിയെത്തുന്ന സഞ്ചാരികളുടെ മനംകവരുന്ന പ്രകൃതിവിസ്മയം. വംശനാശഭീഷണി നേരിടുന്ന 'പൂക്കോടൻ പരലുകളുടെ' ഏക ആവാസകേന്ദ്രം. ജില്ലയിലെ പ്രശസ്തമായ  ശുദ്ധജല തടാകമായ പൂക്കോടിന് ഇന്ന് ഈ വിശേഷണങ്ങളൊന്നും ചേരില്ല. കണ്ണെത്താദൂരത്തോളം പച്ചപ്പരവതാനി കണക്കെ പായൽ മൂടി ശ്വാസംമുട്ടുകയാണ് ഈ ജലാശയം.

2021-ൽ തടാകം നവീകരിക്കാനെന്ന പേരിൽ ചെലവിട്ടത് രണ്ടരക്കോടി രൂപ. എന്നാൽ, ശാസ്ത്രീയ പഠനങ്ങളൊന്നുമില്ലാതെ കരയിലേക്ക് കോരിയിട്ട പായലും ചെളിയും ആദ്യ മഴയിൽത്തന്നെ വീണ്ടും തടാകത്തിലേക്ക് ഒഴുകിയെത്തി. രണ്ടരക്കോടി രൂപ അക്ഷരാർത്ഥത്തിൽ വെള്ളത്തിലായി. ഇന്ന് തടാകത്തിന്‍റെ തൊണ്ണൂറ് ശതമാനവും പായൽ വിഴുങ്ങിയിരിക്കുന്നു. നൂറുകണക്കിന് സഞ്ചാരികൾ എത്തിയിരുന്ന ബോട്ടിങ് ഇപ്പോൾ വെറുമൊരു ചെറിയ അതിർത്തിക്കുള്ളിലേക്ക് ചുരുങ്ങി. 

ഈ പ്രതിസന്ധി പരിഹരിക്കാൻ ഡിടിപിസി നിയോഗിച്ചിരിക്കുന്നതോ, നീളൻ വടികളുമായി തുഴയെറിയുന്ന വെറും ആറ് താല്ക്കാലിക തൊഴിലാളികളെയും. തടാകത്തിന്‍റെ വിസ്തൃതിയും ആഴവും അതിവേഗം കുറയുകയാണെന്ന് ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട് അടക്കമുള്ള ഗവേഷകർ മുന്നറിയിപ്പ് നൽകിയിട്ടും ബന്ധപ്പെട്ട വകുപ്പുകൾ അനങ്ങിയിട്ടില്ല. പ്രതിവർഷം ലക്ഷങ്ങളുടെ വരുമാനം കൊയ്യുമ്പോഴും, നാടിന്‍റെ ജീവനാഡിയായ തടാകം നാശത്തിലേക്ക് കൂപ്പുകുത്തുകയാണ്. തുടർപരിപാലനവും കൃത്യമായ ശാസ്ത്രീയ ഇടപെടലും ഉടൻ ഉണ്ടായില്ലെങ്കിൽ, സഞ്ചാരികളുടെ ഈ സ്വർഗ്ഗം ചരിത്രത്താളുകളിൽ മാത്രമാകും ശേഷിക്കുക.

ENGLISH SUMMARY:

Pookode Lake is facing severe degradation due to rampant algae growth, threatening its existence as a major tourist attraction in Wayanad. Despite significant investment in its upkeep, the algae problem persists, highlighting a critical need for effective conservation efforts.