wayanad-tiger

ഒരു വശത്ത് കാടിറങ്ങുന്ന കൊടുംവന്യത, മറുവശത്ത് സര്‍ക്കാര്‍ സമ്മാനിക്കുന്ന കൂരിരുട്ട്. വൈദ്യുതി നിയന്ത്രണം തുടങ്ങിയതോടെ വയനാട് വള്ളുവാടിയിലെ മനുഷ്യർ ഓരോ രാത്രിയും കഴിച്ചുകൂട്ടുന്നത് നെഞ്ചിടിപ്പോടെയാണ്. കടുവാഭീതിയിൽ വിറങ്ങലിച്ച ഗ്രാമത്തിലെ സാധരണക്കാരുടെ ജീവിതം പവര്‍കട്ട് കൂടിയായതോടെ  ഇരട്ടത്താഴിട്ട് പൂട്ടിയ അവസ്ഥയിലായി. 

സന്ധ്യ മയങ്ങുമ്പോൾ ആകാശത്ത് തെളിയുന്ന കടുംചുവപ്പ് വള്ളുവാടിക്കാര്‍ക്ക് അസ്തമയക്കാഴ്ചയല്ല,  ഭീതിയുടെ കനൽച്ചുവപ്പാണ്. പകൽവെളിച്ചം മാഞ്ഞുതുടങ്ങുമ്പോൾ ഒരോ മനുഷ്യഹൃദയത്തിലും ആശങ്കയുടെ കൂരിരുട്ട് നിറയും. പവര്‍കട്ട് തുടങ്ങിയതോടെ പകല്‍വെളിച്ചം പോകും മുന്‍പെ വീടണയാൻ ധൃതിപ്പെടുകയാണ് സാധാരണക്കാര്‍. വിദ്യാർഥികളടക്കമുള്ളവര്‍ പലതവണ‌ ഇവിടെ കടുവയുടെ മുന്നിൽപെട്ടിരുന്നു. 

വള്ളുവാടിയില്‍ വളർത്തുമൃഗങ്ങൾക്കും രക്ഷയില്ല. പുലിയുടെയും കടുവയുടെയും ആക്രമണത്തിൽ മൂന്ന് വളർത്തുമൃഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലപ്പെട്ടത്. വന്യ മൃഗങ്ങളെ അകറ്റാന്‍ തൊഴുത്തുകളില്‍ തെളിയുന്ന വെളിച്ചം മാത്രമാണ് ഏക ആശ്രയം. എന്നാൽ  അപ്രതീക്ഷിത പവർകട്ട് ആ പ്രതീക്ഷയും കെടുത്തുന്നു. ഇരുട്ടിന്‍റെ മറവിലാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം കടുവയുടെ  ആക്രമണമുണ്ടായത്. 

കൂരിരുട്ടിനെ തോൽപ്പിക്കാൻ തീക്കനലുകൾ പടർത്തി വനംവകുപ്പും നാട്ടുകാരും കാവലിരിക്കുകയാണ്. ജീവനും ജീവിതത്തിനും ഒരേപോലെ കാവൽ നിൽക്കേണ്ടി വരുന്ന ദുരിതപർവം. വന്യമൃഗങ്ങളില്‍ നിന്ന് സുരക്ഷ, ഇരുട്ടിനെ പേടിക്കാതെ കഴിയാന്‍ വെളിച്ചം... ഇത് രണ്ടും അന്യമായ വള്ളുവാടിക്കാര്‍ സര്‍ക്കാര്‍ കനിവിനായി കാത്തിരിക്കുകയാണ്. 

ENGLISH SUMMARY:

Wayanad Valluvadi news highlights the dual threat faced by residents: aggressive wildlife, particularly tigers, and severe power cuts. This combination plunges the village into darkness and fear each night, significantly impacting the lives of ordinary people and students.